FeaturedHome-bannerNationalNews

മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും, സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ. സർക്കാർ ഞായറാഴ്ച അധികാരമേൽക്കും. വൈകീട്ട് 7.15-ന് രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

മോദിക്കൊപ്പം ബി.ജെ.പി.യുടെ മുതിർന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണതലപ്പത്തുള്ളവർവരെ ഉൾപ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് ചടങ്ങ്.

വൈകീട്ട് 6.30-ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് മോദി സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുക. ഡൽഹിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ചടങ്ങിനുശേഷം രാത്രി വൈകിയായിരിക്കും മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കുക.

മോദിക്കൊപ്പം സത്യവാചകം ചൊല്ലേണ്ട മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചർച്ചകൾ ശനിയാഴ്ചയും ഡൽഹിയിലെ രാഷ്ട്രീയകേന്ദ്രങ്ങളിൽ തുടരുന്നതിനിടയിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാഷ്ട്രപതിഭവൻ പൂർത്തിയാക്കിയത്. രണ്ടാം മോദി മന്ത്രിസഭയിലെ ബി.ജെ.പി.യുടെ പ്രധാന മുഖങ്ങളായിരുന്ന രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവർ മൂന്നാം മന്ത്രിസഭയിലും തുടരാനാണ് സാധ്യത.

പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകൾക്കൊപ്പം നയവും അജൻഡയും കടന്നുവരുന്ന വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ വകുപ്പുകളും ബി.ജെ.പി.തന്നെ കൈവശം വെക്കും. സീറ്റുവിഭജനം സംബന്ധിച്ച് മുതിർന്ന ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, അമിത് ഷാ, പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ശനിയാഴ്ചയും സഖ്യകക്ഷികളുമായി ചർച്ചനടത്തി. ടി.ഡി.പി. നേതാവ് എൻ. ചന്ദ്രബാബു നായിഡു, ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ, ശിവസേനാനേതാവ് ഏക്‌നാഥ് ഷിന്ദേ എന്നിവരുമായാണ് ചർച്ച നടത്തിയത്.

നാലംഗങ്ങൾക്ക് ഒരു മന്ത്രി എന്ന നിലയിലായിരിക്കും ഘടകകക്ഷികൾക്ക് മന്ത്രി സ്ഥാനം വീതിക്കുകയെന്നാണ് സൂചന. ഇതനുസരിച്ച് 16 അംഗങ്ങളുള്ള ടി.ഡി.പി.ക്ക് നാല് മന്ത്രിസ്ഥാനങ്ങളും 12 അംഗങ്ങളുള്ള ജെ.ഡി.യു.വിന് മൂന്ന് മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. ഏഴ് അംഗങ്ങളുള്ള ശിവസേന ഷിന്ദേ വിഭാഗത്തിനും കാബിനറ്റ് മന്ത്രിസ്ഥാനം ഉൾപ്പെടെ ഒന്നിലേറെ മന്ത്രിമാരെ ലഭിക്കും.

അഞ്ചുമുതൽ എട്ടുവരെ കാബിനറ്റ് മന്ത്രിപദങ്ങൾ ഘടകകക്ഷികൾക്കായി വീതിക്കും. ജെ.ഡി.യു.വിന് രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചേക്കും. കേരളത്തിൽനിന്ന് ബി.ജെ.പി. അംഗം സുരേഷ് ഗോപി മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. രണ്ടാംമന്ത്രിസഭയിൽ അംഗമായിരുന്ന രാജീവ് ചന്ദ്രശേഖർ തുടർന്നേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker