ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പൊന്‍മുടിക്ക് തിരിച്ചടി. പൊന്‍മുടിക്കും ഭാര്യ പി. വിശാലാക്ഷിക്കും മൂന്നുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്‍മുടിക്ക് എം.എല്‍.എ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും.
കരുണാനിധി മന്ത്രിസഭയില്‍ ഖനന വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊന്‍മുടി 2006 ഏപ്രില്‍ 13-നും 2010 മാര്‍ച്ച് 31-നും ഇടയില്‍ 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തി മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
അഴിമതിനിരോധന നിയമപ്രകാരമോ മയക്കുമരുന്നു നിയമപ്രകാരമോ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജനപ്രതിനിധിക്ക് പിഴശിക്ഷ ലഭിച്ചാല്‍പോലും ആറുവര്‍ഷത്തേക്ക് അയോഗ്യത കല്പിക്കപ്പെടുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 8(1) വകുപ്പ് പറയുന്നത്. അല്ലെങ്കില്‍, മേല്‍ക്കോടതി ശിക്ഷ സ്റ്റേ ചെയ്യുകയോ അപ്പീല്‍ നല്‍കുന്നതിനായി ഹൈക്കോടതി തന്നെ ശിക്ഷ തത്കാലത്തേക്ക് മരവിപ്പിക്കുകയോ വേണം. 30 ദിവസത്തിനുള്ളില്‍ ജാമ്യത്തിനായി മന്ത്രിക്കും ഭാര്യക്കും സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ഇതിനുശേഷമാകും വിധിയില്‍ ശിക്ഷ അനുഭവിക്കണോയെന്ന് വ്യക്തമാവുക.
അണ്ണാ ഡി.എം.കെ. വിട്ട് ഡി.എം.കെ.യില്‍ ചേര്‍ന്ന മന്ത്രി സെന്തില്‍ ബാലാജി കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ വിചാരണ കാത്ത് ജയിലില്‍ കഴിയവേയാണ് മറ്റൊരു മന്ത്രിക്കെതിരേ വിധി വരുന്നത്. സ്റ്റാലിന്‍ മന്ത്രിസഭയ്ക്കും ഡിഎംകെക്കും വലിയൊരു തിരിച്ചടിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി വിധി.