ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കെ. വെങ്കട് നാരായണയെ ഡല്‍ഹിയിലെ തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ. (തമിഴക വെട്രി കഴകം) മേധാവിയുമായ വിജയ് രാഷ്ട്രീയാവേശത്തോടെ ഒടുവില്‍ നായകനായി വേഷമിട്ട ‘ജനനായകന്‍’ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് കെ. വെങ്കട് നാരായണ. തമിഴ്നാട് ചീഫ് സെക്രട്ടറി എം. സായ് കുമാര്‍ ജൂണ്‍ 23-നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. വെങ്കട് നാരായണ ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, ഒരു വര്‍ഷത്തെ താല്‍ക്കാലിക കാലാവധിയിലാണ് ഈ പുതിയ പദവി സൃഷ്ടിച്ചിരിക്കുന്നത്.
തമിഴ്നാട് സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് ഈ നിയമനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഡല്‍ഹിയിലെ കേന്ദ്ര ഓഫീസുകള്‍, വിവിധ മന്ത്രാലയങ്ങള്‍, തമിഴ്നാട് സര്‍ക്കാര്‍ എന്നിവയ്ക്കിടയില്‍ ഒരു സുപ്രധാന നയതന്ത്ര പാലമായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഈ നിയമനത്തിന്റെ കൃത്യമായ നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പ്രത്യേകം പുറപ്പെടുവിക്കും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (CBFC) പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ‘ജനനായകന്‍’ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുന്നതിനിടയിലാണ് നിര്‍മ്മാതാവിന് ലഭിച്ച ഈ അപ്രതീക്ഷിത പദവി എന്നത് ശ്രദ്ധേയമാണ്. വിജയ് പൂര്‍ണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പുള്ള അവസാന ചിത്രമെന്ന സവിശേഷതയോടെ എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദറാണ്. കഴിഞ്ഞ ഏപ്രിലില്‍ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നത് വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സൈബര്‍ ക്രൈം വിങ് 16 പേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററുകളില്‍ എത്തിക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ഈ രാഷ്ട്രീയ നിയമനം നടന്നിരിക്കുന്നത്. നേരത്തെ, തമിഴ്നാട്ടില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് വിജയ് ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറെ കണ്ടപ്പോഴും വെങ്കട് നാരായണ ഒപ്പമുണ്ടായിരുന്നു.
വെങ്കട് നാരായണ കര്‍ണ്ണാടക സ്വദേശിയാണെന്നതാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുന്നത്. തമിഴ്നാടിന്റെ ഔദ്യോഗിക പ്രതിനിധിയായി അയല്‍സംസ്ഥാനക്കാരനായ ഒരു കര്‍ണ്ണാടകക്കാരനെ നിയമിച്ചതിനെതിരെ ബി.ജെ.പി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഈ നിയമനം തമിഴ് ജനതയോടുള്ള അവഹേളനമാണെന്നും ഉത്തരവ് എത്രയും വേഗം റദ്ദാക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ശക്തമായി ആവശ്യപ്പെട്ടു കഴിഞ്ഞു.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ മുന്‍ സി.ഐ.ഒ ആയിരുന്ന വെങ്കട് നാരായണ, 2020-ലാണ് ബെംഗളൂരു ആസ്ഥാനമായി ‘കെ.വി.എന്‍ (KVN) ഗ്രൂപ്പ്’ സ്ഥാപിക്കുന്നത്. സിനിമാ വിതരണത്തിലൂടെ തുടങ്ങി പിന്നീട് ദക്ഷിണേന്ത്യയിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാണ കമ്പനിയായി കെ.വി.എന്‍ പ്രൊഡക്ഷന്‍സിനെ അദ്ദേഹം വളര്‍ത്തി. മലയാളത്തില്‍ നിലവില്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘ബാലന്‍: ദ ബോയ്’ എന്ന ചിത്രം നിര്‍മ്മിച്ചത് വെങ്കട് നാരായണയാണ്. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. ഇതിന് പുറമെ കന്നഡ സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ചിത്രം ‘ട്വോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്’, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം ‘ഹൈവാന്‍’ എന്നിവയും നിര്‍മ്മിക്കുന്നത് ഇതേ ബാനറിലാണ്. ചലച്ചിത്ര രംഗത്ത് വന്‍ നിക്ഷേപങ്ങളുമായി മുന്നേറുന്ന കര്‍ണ്ണാടക സ്വദേശിയായ നിര്‍മ്മാതാവിന് തമിഴ്നാട് ഭരണകൂടം നല്‍കിയ ഉന്നത പദവി വരും ദിവസങ്ങളിലും സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.
English SummaryTamil Nadu Chief Minister and TVK chief Vijay has sparked a major political controversy by appointing film producer K. Venkat Narayana as the state’s special representative in Delhi. Venkat Narayana is the producer of CM Vijay’s final big-budget political film ‘Jananayakan’. According to the official order issued by Chief Seretary M. Sai Kumar on June 23, the temporary post has been created for a one-year tenure, drawing heavy criticism from opposition parties who label it a political favor


