ചെന്നൈ• കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സാധാരണക്കാരൻ വലയുമ്പോൾ ആശ്വാസവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ നിർമിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാൻഡ് പുറത്തിറക്കുകയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മറ്റു സിമന്റുകളെക്കാൾ കുറഞ്ഞ വിലയിൽ ‘വലിമൈ’ ജനങ്ങളിലേക്കെത്തും.
https://www.facebook.com/139540139978985/posts/943848406214817/
വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് നിരക്ക്. നിലവിൽ വിപണിയിൽ സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയ്ക്ക് അടുത്ത് വിലയുള്ളപ്പോഴാണ് ‘വലിമൈ’ കരുത്താകുന്നത്.
തമിഴ്നാട് സർക്കാരിന്റെ ‘അരസു’ സിമന്റ് നിലവിൽ മാസം തോറും 30,000 ടൺ നിർമിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്വകാര്യ കമ്പനികൾ സിമന്റ് വില കൂട്ടിയതോടെയാണ് സർക്കാർ സ്വന്തം നിലയിൽ വില കുറച്ച് സിമന്റ് ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ നീക്കം തുടങ്ങിയത്.
തമിഴ്നാട് സർക്കാർ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാൻഡാണ് ‘വലിമൈ’. ജയലളിതയുടെ കാലത്ത് അരസു സിമന്റ് അമ്മ സിമന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് ഇപ്പോഴും വിപണിയിലുണ്ട്. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടൺ സിമന്റ് ഉൽപാദിപ്പിക്കാൻ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്.