മിസ് കേരള അവസാന റൗണ്ടിൽ ‘അട്ടപ്പാടിക്കാരിയും’ ഗോത്രമേഖലയ്ക്ക് അഭിമാനമായി അനു പ്രശോഭിനി
പാലക്കാട്:മനംമയക്കുന്ന സൗന്ദര്യമാണ് അട്ടപ്പാടിക്ക്.നാടിൻ്റെ അഴക് വേദിയും പിടിച്ചടക്കിയപ്പോൾ കേരളത്തിന്റെ സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് അട്ടപ്പാടിക്കാരി അനു പ്രശോഭിനിയും നടന്നു കയറി. ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിലെ പി. അനു പ്രശോഭിനിയാണ് തൃശൂരിലെ സ്വകാര്യ റിസോർട്ട് സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിലേക്ക് കയറിച്ചെന്നത്.
പുതുവത്സരത്തോട് അനുബന്ധിച്ചായിരിക്കും ഫൈനൽ റൗണ്ട് മത്സരം. ഗോത്രവർഗത്തിൽ നിന്നുള്ള ഒരാൾ ഇത്തരമൊരു സൗന്ദര്യ മത്സരത്തിന്റെ അവസാന റൗണ്ടിൽ ഇടംപിടിച്ചതും അനുവിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. പാലക്കാട് ഗവ. മോയൻ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ് അനു പ്രശോഭിനി. ചെറുപ്രായം മുതൽ കലാരംഗത്ത് സജീവമാണ്. പ്രിയനന്ദൻ സംവിധാനം ചെയ്ത, പൂർണമായും ആദിവാസി വിഭാഗക്കാർ മാത്രം അഭിനയിച്ച ‘ദബാരിക്കുരുവികൾ’ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.
അട്ടപ്പാടിയുടെ തനിമയും സൗന്ദര്യവും ജീവിതങ്ങളും പുറംലോകത്തിനു പരിചയപ്പെടുത്തുന്ന ‘അട്ടപ്പാടിക്കാരി’ യൂട്യൂബ് ചാനലിനു പിന്നിലും അനു പ്രശോഭിനി തന്നെ. മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരനും സിനിമാനടനും ആദിവാസി കലാകാരനുമായ എസ്. പഴനിസ്വാമിയുടെയും അട്ടപ്പാടി ഐടിഡിപിയിലെ ട്രൈബൽ പ്രമോട്ടർ ബി. ശോഭയുടെയും മകളാണ്. സഹോദരൻ ആദിത്യൻ വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി.പാലക്കാട് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അനു പ്രശോഭിനി അവസാന റൗണ്ടിലേക്കുള്ള തിരക്കിട്ട തയാറെടുപ്പിലാണ്.
ഫാഷൻ ലോകത്തെ പുത്തൻ ട്രെന്റുകൾ മനസ്സിലാക്കി അതിനനുസരിച്ചു വേഷങ്ങൾ അണിയാനും വിവിധയിനം ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കാനും ക്യാറ്റ് വാക്ക് ചെയ്യാനുമൊക്കെ ഓൺലൈനായും അല്ലാതെയും പരിശീലിച്ചുവരുന്നു.‘സുന്ദരിപ്പട്ടം കിട്ടുമോ എന്നത് രണ്ടാമത്തെ കാര്യം. മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം. ഇതിൽ നിന്നു ലഭിക്കുന്ന പരിചയസമ്പത്തും ആത്മവിശ്വാസവും എനിക്കും എന്നെപ്പോലെ അട്ടപ്പാടിയിലെ മറ്റു കുട്ടികൾക്കും പ്രചോദനമാകും’ അനു പ്രശോഭിനി പറയുന്നു.