FeaturedKeralaNews

‘നീറ്റി’നെ തള്ളി, യോഗ്യത പ്ലസ്ടു മാര്‍ക്ക്: ബില്‍ പാസാക്കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ. മെഡിക്കൽ കോഴ്സുകൾക്ക് പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിനുള്ള ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെ എ.ഐ.എ.ഡി.എം.കെ, പിഎംകെ, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പിന്തുണച്ചു. അതേസമയം ബില്ലിനെതിരേ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, നിയമസഭായോഗം ബഹിഷ്കരിച്ചു.

സംസ്ഥാനത്ത് മെഡിക്കൽ ബിരുദ കോഴ്സുകൾ, ഡെന്റിസ്ട്രി, ഇന്ത്യൻ മെഡിസിൻ, ഹോമിയോപ്പതി എന്നീ കോഴ്സുകളിലേക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകാനാണ് ബിൽ ശുപാർശ ചെയ്യുന്നത്. റിട്ട.ജഡ്ജി എ.കെ രാജന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ജൂലൈയിൽ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

എംബിബിഎസ്, ഉന്നത മെഡിക്കൽ പഠനങ്ങൾ എന്നിവയിലെ സാമൂഹിക പ്രാതിനിധ്യത്തെ നീറ്റ് അട്ടിമറിച്ചുവെന്നും പിന്നോക്കം നിൽക്കുന്ന സാമൂഹികവിഭാഗങ്ങളുടെ പഠന സ്വപ്നങ്ങളെ നീറ്റ് സംവിധാനം തടയുന്നുവെന്ന് എ.കെ രാജൻ കമ്മിറ്റി റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് സ്റ്റാലിൻ പ്രഖ്യാപിച്ചത്.

നീറ്റ് പരീക്ഷാപ്പേടിയിൽ സംസ്ഥാനത്ത് ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തതിനിടെയാണ് സ്റ്റാലിൻ സർക്കാരിന്റെ നിർണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇന്നലെ ധനുഷ് എന്ന വിദ്യാർഥിയുടെ മരണവിവരമറിഞ്ഞ് അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിൻ, വിദ്യാർഥികൾ പ്രതീക്ഷ കൈവിടരുതെന്നും നീറ്റിനെതിരെയുള്ള ബിൽ നിയമസഭയിൽ ഇന്ന് അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സർക്കാർ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button