ജനനായകനായി വിജയ്; മൂന്നാം സ്ഥാനത്തേക്ക് ഡിഎംകെ, ആളൊഴിഞ്ഞ് ഡിഎംകെ ആസ്ഥാനം, പന്തലും കസേരകളും നീക്കി പ്രവർത്തകർ

ജനനായകനായി വിജയ്, മൂന്നാം സ്ഥാനത്തേക്ക് ഡിഎംകെ, ആളൊഴിഞ്ഞ് ഡിഎംകെ ആസ്ഥാനം, പന്തലും കസേരകളും നീക്കി പ്രവർത്തകർ

ചെന്നൈ: തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടിവികെ ആദ്യ ഘട്ടത്തിൽ തന്നെ വൻ ലീഡ് നേടിയതിന് പിന്നാലെ ആളൊഴിഞ്ഞ് ഡിഎംകെ ആസ്ഥാനം. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനായി എത്തിയ ഡിഎംകെ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുന്ന കാഴ്ചയാണ് ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ കാണാനാവുന്നത്. സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഇപ്പോൾ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ 15ഓളം മണ്ഡലങ്ങളിൽ ലീഡ് നേടി ടിവികെ നിലവിൽ അത് 104 സീറ്റുകളുടെ ലീഡായി ഉയർത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ വിജയുടെ പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണ ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കിയിട്ടുണ്ട്.

അതേസമയം എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ ശക്തമായ തിരിച്ചുവരവ് തമിഴ്നാട്ടിൽ നടത്തുന്നുണ്ട്. ഏകദേശം 64 സീറ്റുകളിൽ എഐഎഡിഎംകെ നിലവിൽ മുന്നിട്ടുനിൽക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ മാത്രം പോരാട്ടം നടന്നിരുന്ന തമിഴ്‌നാട്ടിൽ വിജയുടെ കടന്നുവരവോടെ കടുത്ത ത്രികോണ പോരാട്ടമാണ് നടക്കുന്നത്. നിലവിലെ സൂചനകൾ ലീഡ് നിലയിൽ മൂന്നാം സ്ഥാനത്താണ് ഡിഎംകെയുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News