ചെന്നൈ: പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗെയുടെ (29) മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അരുമ്പാക്കത്തെ വീട്ടിൽ ശനിയാഴ്ച തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് മാതാപിതാക്കളുമായി വഴക്കിട്ടതായി സൂചനയുണ്ട്.
മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
എംബിഎ ബിരുദധാരിയായ തൂരിഗെ ഒട്ടേറെ സിനിമകൾക്കു വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. യുവ നടന്‍മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്. ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണു അരുമ്പാക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന്‍ നടത്തിയിരുന്ന ദൂരിഗയിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം. 2020 ഡിസംബറിൽ ആത്മഹത്യ ചെയ്യുന്നതിനെതിരെയും പെൺകുട്ടികൾ എന്നും ശക്തരായി നിൽക്കണമെന്നും അഭിപ്രായപ്പെട്ട് തൂരിഗെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് തൂരിഗെയുടെ സുഹൃത്തും തമിഴ് നടയുമായ ശരണ്യ തന്റെ ഞെട്ടൽ രേഖപ്പെടുത്തിയത്. തൂരിക വളരെ ധൈര്യമുള്ള പെൺകുട്ടിയായിരുന്നെന്നും പ്രിയപ്പെട്ടവരിൽനിന്നു സ്നേഹം ലഭിക്കാതിരുന്നതാണ് അവളെ തളർത്തിയതെന്നും ശരണ്യ പറയുന്നു. ഡിപ്രഷനാണ് അവളെ കൊന്നതെന്നും ശരണ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.