ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണിത്. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. മുഖത്തും മറ്റു ശരീരഭാഗങ്ങളിലും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. കൈകളും കെട്ടിയ നിലയിലായിരുന്നു.
ബംഗ്ലാവിൽ സൂര്യനാരായണനൊപ്പം കുടുംബം താമസിക്കുന്നില്ല. വിനോദസഞ്ചാരികൾക്ക് താമസിക്കാൻ നൽകുന്ന ബംഗ്ലാവാണിത്. കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വർണാഭരണങ്ങളും സിസിടിവിയുടെ ഹാർഡ് ഡിസ്‌കും മോഷണം പോയ നിലയിലാണ്.
ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്നാണ് സൂചന. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. 2018ൽ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ ഇത് എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
സൂര്യയും ജ്യോതികയും പ്രധാന വേഷത്തിലെത്തി 2005 ൽ പുറത്തിറങ്ങിയ മായാവി എന്ന ചിത്രത്തിൽ വിഷ്ണുപ്രിയ അഭിനയിച്ചിരുന്നു.
Suryanarayanan (73), father of Tamil actress Vishnupriya, was found dead under mysterious circumstances at his bungalow in Kodaikanal. The body was discovered tied to a chair with his hands bound and adhesive tape wrapped tightly around his face and other parts of his body. The police have launched an investigation into the suspected murder at his private residence.

