ചെന്നൈ: തമിഴിലെ പ്രമുഖ താരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്.
വിവേകും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കൊവിഡ് വാക്സീൻ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും നടൻ ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പിന്നീട് അറിയിച്ചത്.
മനതില്‍ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പില്‍ക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റണ്‍, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.
മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റണ്‍, സാമി, പേരഴഗന്‍, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. കലാലോകത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം(2009) സമ്മാനിച്ചു.