ചെന്നൈ: തമിഴ് നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടി രൂപവത്കരണത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി 200-ഓളം അംഗങ്ങളുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പാര്‍ട്ടിയുടെ അധ്യക്ഷനായി വിജയ് തിരഞ്ഞെടുക്കപ്പെട്ടെന്നാണ് സൂചന.
ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരെ നിയമിച്ചു. പാര്‍ട്ടി കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റിക്കും ജനറല്‍ കൗണ്‍സില്‍ യോഗം രൂപം നല്‍കി. പാര്‍ട്ടിയുടെ പേര് തീരുമാനിക്കാനും രജിസ്‌ട്രേഷന്‍ നടത്താനും തുടര്‍ന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനും നടന്‍ വിജയിനെ യോഗം ചുമതലപ്പെടുത്തി.
2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാടിന്റെ പാരമ്പര്യത്തിന് ഉതകുന്ന പേരാകും പാര്‍ട്ടിക്ക് ഉണ്ടാകുകയെന്നും പേരിനൊപ്പം തീര്‍ച്ചയായും ‘കഴകം’ ഉണ്ടാകുമെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, വായനശാലകള്‍, സായാഹ്ന ട്യൂഷന്‍, നിയമസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ് ഫാന്‍സ് തമിഴ്‌നാട്ടിലുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്.
വിജയ് ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ചെന്നൈക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.