തിരുവനന്തപുരം:വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിർദേശത്തിൽ വ്യക്തത വരുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോൺ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം ഉറപ്പാക്കി. സംസ്ഥാന പോലീസ് മേധാവിയായി അധികാരമേറ്റ അനിൽകാന്ത് വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത്.
വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാൽ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളതെന്നുമായിരുന്നു വകുപ്പിന്റെ വിശദീകരണം. സംശയം തോന്നിയാൽ, ഫോൺ പരിശോധിക്കുമെന്നും അറിയിച്ചിരുന്നു.
ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ബ്ലുടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നതിനും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഫോൺവിളികളിൽമാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗൺ കാലമായതോടെ ഗൂഗിൾ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാണെന്നുമാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.
അതേസമയം, വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ലൈസൻസ് റദ്ദാക്കാമെന്ന പോലീസിന്റെ നിർദേശം നടപ്പാക്കുക എളുപ്പമല്ലെന്നും ചില വിലയിരുത്തലുകൾ ഉയർന്ന് വന്നിരുന്നു. നിയമപ്രശ്നങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വിലയിരുത്തലുകൾ. മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 184-ലാണ് അപകടകരമായ ഡ്രൈവിങ്ങിനെ നിർവചിക്കുന്നത്. പഴയ നിയമത്തിൽ ‘കൈകൊണ്ടുള്ള മൊബൈൽഫോൺ ഉപയോഗം’ എന്നുതന്നെ പറഞ്ഞിരുന്നു. 2019-ലെ ഭേദഗതിപ്രകാരം അത് ‘കൈകൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികൾ’ എന്നു മാറ്റി.