‘ഇത് നല്ലതിനല്ല, മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം’; പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്

കാബൂള്‍: പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍, പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി താലിബാന്‍. ഇത് നല്ലതിനല്ലെന്നും, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ശത്രുതക്കാണ് ഇത് വഴിവെക്കുകയെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അത് രണ്ട് കൂട്ടര്‍ക്കും നല്ലതിനായിരിക്കില്ലെന്ന കാര്യം പാകിസ്ഥാന്‍ മനസിലാക്കണമെന്നും പാകിസ്ഥാന് നല്‍കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ പുലര്‍ച്ചെ പാകിസ്ഥാന്‍ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍, അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം വര്‍ദ്ധിച്ചിരുന്നു. ഇതിനിടെയാണ്, സാധാരണക്കാരായ ജനങ്ങളെ ബലിയാടാക്കി കൊണ്ടുള്ള പാകിസ്ഥാന്റെ ആക്രമണം. കുനാറിലെ ഷെല്‍ട്ടണ്‍ ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന്, പ്രവിശ്യാ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ നജീബുള്ള ഹസന്‍ അബ്ദാല്‍ എ.എഫ്.പിയോട് പറഞ്ഞു.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യാ പ്രദേശമാണ് കുനാര്‍. അതിര്‍ത്തിക്ക് സമീപമുള്ള ഖോസ്റ്റ് പ്രവിശ്യയിലും ഇത്തരത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഖോസ്റ്റ് പ്രവിശ്യയിലെ ഡ്യൂറന്‍ഡ് ലൈനിന് സമീപമുള്ള നാല് ഗ്രാമങ്ങളില്‍ പാകിസ്ഥാന്‍ ഹെലികോപ്റ്ററുകള്‍ ബോംബെറിഞ്ഞു. ജനങ്ങളെയാണ് പാക് സേന ലക്ഷ്യമിടുന്നതെന്ന് താലിബാന്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News