കാബൂൾ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നായിരിക്കും. താലിബാൻ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
മുമ്പ് താലിബാൻ ഭരണത്തിൽ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു ഇത്. സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ ഭരണത്തിൽനിന്ന് പുറത്താക്കി.
കാബൂൾ വിമാനത്താവളത്തിൽനിന്ന് തീ ഉയർന്നതായി അമേരിക്കയിലെ യു.എസ് എംബസി വൃത്തങ്ങൾ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽനിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നീക്കം വേഗത്തിലാക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, യുഎസ്എ, ജർമനി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് യുഎഇയിലെ വിമാനത്താവളങ്ങളിൽ സൗകര്യം ഒരുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കാബൂളിലെ 11 പ്രധാന പ്രദേശങ്ങളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.