കാബൂള്‍: അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറില്‍ നിന്ന് താലിബാന്‍ പിന്‍മാറി. അഫ്ഗാന്‍ സേനയ്ക്കെതിരായ ആക്രമണം പുനരാരംഭിക്കുകയാണെന്നും അഫ്ഗാന്‍ വക്താവുമായി ചര്‍ച്ചയ്ക്കില്ലെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.
അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കിയ സമാധാന കരാറില്‍ പറയുന്നതു പോലെ അഫ്ഗാന്‍ സര്‍ക്കാരിനു കീഴിലുള്ള താലിബാന്‍ തടവുകാരെ മോചിപ്പിക്കാന്‍ തയാറല്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ദോഹയില്‍ താലിബാന്‍ -യുഎസ് പ്രതിനിധികള്‍ കരാറൊപ്പിട്ട് 24 മണിക്കൂര്‍ തികയും മുന്പാണ് ഗനി ഈ നിലപാടെടുത്തത്. ഇതിനു പിന്നാലെയാണ് താലിബാന്റെ പിന്‍മാറല്‍ പ്രഖ്യാപനം.
അതേസമയം, വിദേശസൈനികരെ ആക്രമിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ഫെബ്രുവരി 29-നാണ് അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവച്ചത്. പതിനെട്ടു വര്‍ഷമായി, യുഎസിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലുള്ള നാറ്റോ സൈനികരെ 14 മാസത്തിനകം പിന്‍വലിക്കുമെന്നാണ് താലിബാനുമായുണ്ടായ കരാറിലെ മുഖ്യ വ്യവസ്ഥ. അഫ്ഗാനിസ്ഥാന്റെ ഭാവിഭരണം സംബന്ധിച്ച് അഫ്ഗാന്‍ സര്‍ക്കാരും താലിബാന്‍ നേതൃത്വവും മാര്‍ച്ചില്‍ ചര്‍ച്ച ആരംഭിക്കുമെന്നും കരാറില്‍ പറയുന്നുണ്ട്.
ഡോണള്‍ഡ് ട്രംപ് കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, യുഎസിന്റെ 5,000 സൈനികര്‍ മേയ് മാസത്തോടെ അഫ്ഗാനിസ്ഥാന്‍ വിടുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. സമീപഭാവിയില്‍ താന്‍ താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.