കാബൂള്‍: ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോണ്‍സുലേറ്റിലാണ് പരിശോധന. അടഞ്ഞുകിടക്കുന്ന ഓഫീസുകളിലെത്തിയാണ് താലിബാന്‍ പരിശോധന നടത്തുന്നത്. രേഖകള്‍ക്കായാണ് താലിബാന്റെ പരിശോധന. എംബസി അടയ്ക്കരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടെന്നാണ് സൂചന.
അതേസമയം അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കാന്‍ അടിയന്തര നീക്കവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങള്‍ അയക്കാന്‍ ഇന്ത്യ അമേരിക്കയോട് അനുമതി തേടി.
വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നിയന്ത്രണമില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
അഫ്ഗാനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ മലയാളികള്‍ ഉള്‍പ്പടെ ഇനിയും നിരവധി പേര്‍ അവിടെ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെയെല്ലാം തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.