കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഉള്‍പ്പോര് അവസാനിക്കുന്നില്ല. പാക്കിസ്ഥാനുമായുള്ള ബന്ധത്തെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വടംവലി. മുല്ല മുഹമ്മദ് യാക്കുബ് ഒമാരിയുടെ നേതൃത്വത്തില്‍ താലിബാന്റെ ഉദ്ഭവ പ്രദേശമായ കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഭാഗവും, പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന ഹഖാനി നെറ്റ്വര്‍ക്കിന്റെ തലവനായ സിറാജുദ്ദീന്‍ ഹഖാനിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പ്രശ്നം.
താലിബാന്‍ പ്രഖ്യാപിച്ച ഇടക്കാല സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയാണ് സിറാജുദ്ദീന്‍ ഹഖാനി. ഭീകരസംഘടന അല്‍ ഖായിദയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയായും അടുത്ത ബന്ധം പുലര്‍ത്തുന്നതാണ് ഹഖാനി നെറ്റ്വര്‍ക്ക്. പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്‍സാദ ചിത്രത്തിലില്ലെന്നും കൊല്ലപ്പെട്ടതായി സംശയിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
കാണ്ഡഹാര്‍ വിഭാഗത്തിലെ പ്രമുഖനായ മുല്ല അബ്ദുല്‍ ഗനി ബറാദറിനെ ഹഖാനി വിഭാഗം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരിക്കുകയാണെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബറാദര്‍ കൊല്ലപ്പെട്ടെന്ന് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ബറാദര്‍ ശബ്ദസന്ദേശം പുറത്തുവിട്ടു. യുഎസുമായി സമാധാന പ്രക്രിയ ചര്‍ച്ച ചെയ്തിരുന്നതു ബറാദറാണ്.
പ്രതിരോധ മന്ത്രി മുല്ല യാക്കൂബിന്റെ നേതൃത്വത്തിലുള്ള കാണ്ഡഹാര്‍ വിഭാഗം പാക്ക് ചാരസംഘടന ഐഎസ്ഐയുടെ ഒരു ഇടപെടലും ആഗ്രഹിക്കുന്നില്ല. അഫ്ഗാനെ പാക്ക് അധീനപ്രദേശമാക്കി മാറ്റാനുള്ള നീക്കമാണ് ഐഎസ്ഐ നടത്തുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ അമേരിക്കയ്ക്കും ബ്രിട്ടനും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന നിലപാടിലാണ് ബറാദര്‍. ദല്ലാളിന്റെ റോളില്‍ എത്തുന്ന പാക്കിസ്ഥാനെ അംഗീകരിക്കരുതെന്നും, ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി സമഗ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ബറാദര്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഹഖാനി കുടുംബത്തിലൂടെ ഐഎസ്ഐ അധികാരക്കളി നടത്തുന്ന കാബൂളിലെ സ്ഥിതി തികച്ചും വിഭിന്നമാണ്. ഹഖാനി നെറ്റ്വര്‍ക്കിലെ പ്രമുഖരായ സദ്രാന്‍ ഗോത്രവിഭാഗത്തിനാണ് കാബൂള്‍-ജലാലാബാദ് മേഖലയില്‍ ഖൈബര്‍ അതിര്‍ത്തിവരെ നിയന്ത്രണം. ആറായിരത്തോളം സായുധ കേഡര്‍മാരുടെ പിന്തുണയോടെയാണ് ഹഖാനി സഹോദരന്മാര്‍ കാബൂളിന്റെ തെരുവുകള്‍ നിയന്ത്രിക്കുന്നത്.
മറ്റൊരു വിഭാഗവുമായി അധികാരം പങ്കിടാന്‍ ആഗ്രഹിക്കാത്ത ഹഖാനികള്‍ അഫ്ഗാന്‍ സര്‍ക്കാരില്‍ വനിതാ പങ്കാളിത്തവും അനുവദിക്കില്ല. സൗദി അറേബ്യ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രതിനിധ്യം നല്‍കുമ്പോള്‍ പാക്കിസ്ഥാനില്‍നിന്നും തുര്‍ക്കിയില്‍നിന്നുമുള്ള നിര്‍ദേശപ്രകാരമാണ് താലിബാന്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതെന്നാണു റിപ്പോര്‍ട്ട്. താലിബാന്റെ ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശേഷിയുള്ള അഖുന്‍സാദ കഴിഞ്ഞ അഞ്ചു മാസമായി രംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. ഇദ്ദേഹം വധിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം.