ലഖ്നൗ: തുണിയെടുത്ത് തയ്പ്പിച്ച ഷര്‍ട്ടിന്റെ അളവ് ശരിയാകാത്തതിനെ തുടര്‍ന്ന് തയ്യല്‍ക്കാരനെ അയല്‍ക്കാരന്‍ കൊലപ്പെടുത്തി. യുപി റായ്ബറേലിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. അബ്ദുള്‍ മജീദ് ഖാ(65)നാണ് കൊല്ലപ്പെട്ടത്. ഷര്‍ട്ട് തുന്നിയതുമായി ബന്ധപ്പെട്ടുയര്‍ന്ന ചില തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സലീം എന്നയാളാണ് തന്റെ പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മജീദ് ഖാന്‍ മകന്‍ നയീം ഖാന്‍ ആരോപിക്കുന്നു.
തയ്യല്‍ക്കാരനായ മജീദിന്റെ പക്കല്‍ ഷര്‍ട്ട് തയ്പ്പിക്കുന്നതിനായി സലീം തുണി നല്‍കിയിരുന്നു. തയ്ച്ച് നല്‍കിയപ്പോള്‍ ഷര്‍ട്ടിന്റെ അളവ് ശരിയായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായി. ഇത് വാക്കുതര്‍ക്കത്തിലും കയ്യേറ്റത്തിലും കലാശിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സലീം തയ്യല്‍ക്കാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകാത്തതിനെ തുടര്‍ന്ന് മജീദിന്റെ ആന്തരിക സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് വന്നശേഷം മാത്രമെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും റായ്ബറേലി എസ്പി ശ്ലോക് കുമാര്‍ അറിയിച്ചു.