രാഹുൽ മാങ്കൂട്ടത്തിൽ പത്മജയെപ്പറ്റി പറഞ്ഞത് മ്ലേച്ഛം,വ്യാഖ്യാനം അദ്ഭുതപ്പെടുത്തി: ടി.പത്മനാഭൻ

തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വമെടുത്ത പത്മജ വേണുഗോപാലിന് എതിരെ വിവാദ പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. കരുണാകരന്റെ മകളെക്കുറിച്ചു രാഹുല്‍ പറഞ്ഞത് മ്ലേച്ഛമെന്നു പത്മനാഭന്‍ പറഞ്ഞു.

പറഞ്ഞതിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണു ചെയ്തതെന്നും രാഹുലിന്റെ ബയോളജിക്കലും പൊളിറ്റിക്കലുമായ വ്യാഖ്യാനം അദ്ഭുതപ്പെടുത്തിയെന്നും പത്മനാഭൻ പറഞ്ഞു. 

‘‘രാഹുൽ മാങ്കൂട്ടത്തിലിനെ ടെലിവിഷൻ ചർച്ചകളിൽ കണ്ടുള്ള പരിചയമാണുള്ളത്. ഊർജസ്വലനായ യുവാവ്, വിവരമുള്ളയാൾ എന്നിങ്ങനെയാണു വിചാരിച്ചത്. എന്നാൽ കരുണാകന്റെ മകളെക്കുറിച്ചു പറഞ്ഞത് മ്ലേച്ഛമായിപ്പോയി. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം.

95ാം വയസ്സിലും നീണ്ടുനിവർന്നു കടലാസ്സും നോക്കാതെ വ്യാകരണ തെറ്റില്ലാതെ സംസാരിക്കാൻ എനിക്കു കഴിയും. എന്റെ നട്ടെല്ല് റബർകൊണ്ട് ഉണ്ടാക്കിയതാണെന്നു കണ്ടുപിടിച്ച ഒരു യൂത്ത് കോൺഗ്രസ് നേതാവുണ്ടായിരുന്നു. അതിന് ഞാൻ ഉത്തരം പറഞ്ഞിട്ടില്ല’’.–പത്മനാഭൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News