എറണാകുളം: എം പി ഹൈബി ഈഡനെതിരായ സോളാർ പീഡനപരാതിയിൽ തെളിവില്ലെന്ന സി ബി ഐ റിപ്പോർട്ടിൽ പ്രതികരിച്ച് എറണാകുളം എം എൽ എ ടി ജെ വിനോദ്. ഹൈബി ഈഡൻ എം പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് എന്ന വരികളോടെ നരസിംഹം സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് എംഎൽഎ പങ്കിട്ടത്. സത്യം മൂടിവെച്ചാലും വളച്ചൊടിച്ചാലും അത് ഒരു നാൾ പുറത്തുവരിക തന്നെ ചെയ്യുമെന്ന ഡയലോഗാണ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് വായിക്കാം
‘ഹൈബി ഈഡൻ എം.പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് മറുപടി പറയാൻ നരസിംഹം എന്ന സിനിമയിലെ മമ്മൂക്കയുടെ വാക്കുകൾ കടമെടുക്കുകയാണ്…
“ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്, സൂര്യൻ ആ കറുത്തമറ വിട്ട് പുറത്ത് വരും.
അതുപോലെ തന്നെയാണ് സത്യവും… മൂടിവയ്ക്കാം…
വളച്ചൊടിക്കാം…
പക്ഷെ ഒരു നാൾ ഒരിടത്തത് സത്യം പുറത്തു വരും മിസ്റ്റർ സൂപ്പരിന്റന്റ് ഓഫ് പോലീസ്…
ഷാൽ ഐ റിമൈൻഡ് യു സംതിങ്, ഇറ്റ് ഈസ് ക്വയറ്റ് അൺബിക്കമിംഗ് ആൻ ഓഫീസർ”
– നന്ദഗോപാൽമാരാർ (നരസിംഹം)’, പോസ്റ്റിൽ ടിജെ വിനോദ് കുറിച്ചു.
ഹൈബി ഈഡനെതിരായ സോളാർ പീഡന ലൈംഗിക പരാതിയിൽ അന്വേഷണത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റഫര്‍ റിപ്പോര്‍ട്ടിൽ സി ബി ഐ വ്യക്തമാക്കിയത്. ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ശക്തമായ തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല.മാത്രമല്ല കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താനും സാധിച്ചില്ലെന്നും സി ബി ഐ പറയുന്നു. അതുകൊണ്ട് തന്നെ കേസ് അവസാനിപ്പിക്കണമെന്നും കോടതിയിൽ സി ബി ഐ ആവശ്യപ്പെട്ടു.
2021 ലായിരുന്നു സോളാർ കേസിലെ പ്രതിയായ യുവതിയുടെ പരാതിയിൽ ഹൈബി ഈഡൻ ഉൾപ്പെടെയുള്ള ആറ് നേതാക്കൾക്കെതിരെ സി ബി ഐ കേസെടുത്തത്. ഇതിൽ ആദ്യമായി സി ബി ഐ അന്വേഷിച്ച കേസ് ഹൈബി ഈഡനെതിരായ പരാതിയായിരുന്നു. 2012 ഡിസംബര്‍ ഒന്‍പതിന് പാളയത്തെ എം എല്‍ എ ഹോസ്റ്റലിലെ നിളാ ബ്‌ളോക്കിലെ 34-ാം നമ്പര്‍ മുറിയില്‍ വെച്ച് സോളാര്‍ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാൻ വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. കേസിൽ രണ്ട് തവണ ഹൈബിയെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയിൽ നിന്ന് രണ്ട് തവണയായി സി ബി ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് സി ബി ഐ റിപ്പോർട്ടിലുള്ളത്.
അതേസമയം ഹൈബി ഈഡനെ കൂടാതെ മുൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, അടൂർ പ്രകാശ് എംപി, എ പി അനിൽ കുമാർ, ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരേയും യുവതി പരാതി നൽകിയിരുന്നു.