കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. ഇവിടെയാണ് ഇയാൾ മരപ്പണി ചെയ്ത് കഴിഞ്ഞിരുന്നത്. പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് സവാദാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്. ഇന്നലെ അർദ്ധരാത്രിയാണ് ഇയാളെ വാടകവീട്ടിൽ നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥർ പിടിയകൂടിയത്. 2010 ജൂലൈയിലാണ് മതനിന്ദ ആരോപിച്ച് അധ്യാപകനായ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് സവാദ് പിടിയിലാകുന്നത്.
സവാദിനെ എന്‍ഐഎ കൊച്ചിയില്‍ എത്തിച്ചതായി സൂചനയുണ്ട്. ഇന്ന് വൈകിട്ട് സവാദിനെ കോടതിയില്‍ ഹാജരാക്കും. പ്രതിയെ കണ്ടെത്തിയ ഉദ്യോഗസ്ഥരെ പ്രൊഫസര്‍ ടി ജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ടിജെ ജോസഫ് പറഞ്ഞു.
പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു.
മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണമെന്നും അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണമെന്നും വിധിച്ചിരുന്നു.
പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നുമായിരുന്നു കോടതി നിർദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.