കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പി.സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ച് സ്വതന്ത്രരായി മല്‍സരിക്കുന്ന സാഹചര്യം ഒഴിവാക്കിയെങ്കിലും പി.ജെ ജോസഫിന് ചിഹ്ന പ്രതിസന്ധി തുടരുന്നു. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പ്രഥമ പരിഗണന നല്‍കിയ അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു മണ്ഡലത്തില്‍ ഇതേ ചിഹ്നത്തിനായി മറ്റൊരു സ്ഥാനാര്‍ത്ഥി കൂടി രംഗത്തെത്തിയതാണ് പ്രതിസന്ധിയായത്.
ചങ്ങനാശ്ശേരിയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബേബി ആണ് ട്രാക്ടര്‍ ഓടിക്കുന്ന ചിഹ്നം ആവശ്യപ്പെട്ടത്. കേരള കോണ്‍ഗ്രസിന് പുറമേ, ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയും ഒരേ ചിഹ്നത്തിനായി രംഗത്തു വന്നതോടെ ടോസിലൂടെ ചിഹ്നത്തില്‍ തീരുമാനമെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ആലോചിക്കുന്നത്.
ചിഹ്നം വേണമെന്ന ആവശ്യത്തില്‍ നിന്നു ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബിയെ പിന്തിരിപ്പിക്കാന്‍ പിജെ ജോസഫ് പക്ഷം ശ്രമം നടത്തുന്നുണ്ട്. ടോസിലൂടെ ചിഹ്നം തീരുമാനിക്കുന്ന സ്ഥിതിയുണ്ടായാല്‍, ചിഹ്നം നഷ്ടപ്പെട്ടാല്‍ ചങ്ങനാശേരിയില്‍ ജോസഫ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി വി ജെ ലാലി മറ്റേതെങ്കിലും ചിഹ്നത്തില്‍ മല്‍സരിക്കേണ്ട അവസ്ഥ വരും. ചിഹ്നത്തിന്റെ കാര്യത്തില്‍ 22 ന് തീരുമാനമുണ്ടാകും.