സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ പുതുവത്സര ആഘോഷത്തിനിടെ തിരക്കേറിയ ബാറിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 40 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗുരുതമായി പരിക്കേറ്റവരാണ് അധികവും. പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടനത്തിനുള്ള സാധ്യത തള്ളിക്കളയുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തെക്ക്-പടിഞ്ഞാറൻ സ്വിറ്റ്‌സർലാൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ഒരു റിസോർട്ടിനോടുചേർന്ന് ‘Le Constellation’ എന്ന ബാറിൽ പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പരിക്കേറ്റവരിൽ മിക്കവരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വാലെയ്‌സ് കാന്റണിലെ സുരക്ഷാ മേധാവി സ്റ്റെഫാൻ ഗാൻസർ അറിയിച്ചു.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അപകടമാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ‘നിലവിൽ ഞങ്ങൾ ഇതിനെ ഒരു തീപ്പിടുത്തമായി പരിഗണിക്കുകയും ആക്രമണ സാധ്യതയെക്കുറിച്ച് ചിന്തിക്കാതിരിക്കുകയുമാണ്.’ പ്രോസിക്യൂട്ടർ ബിയാട്രിസ് പില്ലൗഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
അപകടത്തിൽ പരിക്കേറ്റ മറ്റ് രാജ്യത്തുനിന്നുള്ളവരുടെ ബന്ധുക്കൾക്കായി ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ടെന്ന് കാന്റണിലെ പോലീസ് മേധാവി ഫ്രെഡറിക് ഗിസ്ലർ അറിയിച്ചു. സ്വിസ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 40 പേർ മരിച്ചതായാണ് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്.
എന്നാൽ, മരിച്ചവരുടെ കൃത്യമായ എണ്ണം പറയാൻ ഗിസ്ലർ വിസമ്മതിച്ചു. ‘ഞങ്ങളുടെ കണക്കനുസരിച്ച് ഏകദേശം 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ ഭൂരിഭാഗം ആളുകളുടെയും നില ഗുരുതമാണ്. നിർഭാഗ്യവശാൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ സിയോൺ, ലോസന്നെ, ജനീവ, സൂറിച്ച് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.
അപകടം നടന്ന പ്രദേശം പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണെന്നും ക്രാൻസ്-മോണ്ടാനയ്ക്ക് മുകളിൽ നോ-ഫ്‌ലൈ സോൺ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. സ്ഥലത്ത് 10 ഹെലികോപ്റ്ററുകളും 40 ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
‘എല്ലാവരും സന്തോഷത്തിലായിരിക്കേണ്ട സമയമായിരുന്നു അത്. എന്നാൽ, പുതുവത്സര ദിനത്തിൽ ക്രാൻസ്-മൊണ്ടാനയിൽ രാജ്യത്തെയും ലോകത്തെയാകെയും സ്പർശിക്കുന്ന ദുഃഖത്തിന്റെ നിമിഷമായി അത് മാറിയിരിക്കുന്നു.’ സ്വിസ് ഫെഡറൽ പ്രസിഡന്റ് ഗൈ പാർമെലിൻ എക്‌സിൽ അനുശോചനം രേഖപ്പെടുത്തി.
ആഘോഷങ്ങൾക്കായി സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിയതാവാം തീപ്പിടുത്തത്തിന് കാരണമായതെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ ടജാനി പറഞ്ഞു. ‘പുതുവത്സര ആഘോഷത്തിനിടെ എറിഞ്ഞ പടക്കത്തിൽ നിന്നുള്ള സ്‌ഫോടനമോ തീപ്പിടുത്തമോ ആകാം അപകടത്തിന് കാരണം.’ ഇറ്റലിയുടെ സ്‌കൈ ടിജി24 ടിവി ചാനലിനോട് അദ്ദേഹം പറഞ്ഞു.


