ബിനോയ് വിശ്വമല്ല പിണറായി വിജയൻ, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരി: മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പരസ്യനിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ഇപ്പോഴും ശരിയാണെന്നാണ് താൻ കരുതുന്നതെന്നും ബിനോയ് വിശ്വത്തിന് അദ്ദേഹത്തിന്റേതായ നിലപാടുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കുമെന്നത് ചർച്ച ചെയ്ത് തീരുമാനിക്കും. ശിവഗിരിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസംഗത്തിന് കാത്തുനിൽക്കാതെ പോകേണ്ടിവന്നത് കാബിനറ്റ് യോഗം ഉള്ളതുകൊണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.ടി. അന്വേഷണം നല്ലനിലയിൽ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടോ ഓഫീസോ ഒരിടപെടലും നടത്തിയിട്ടില്ല. രാജ്യത്തുതന്നെ അതിസുരക്ഷിതത്വം ലഭിക്കുന്ന സോണിയ ഗാന്ധിക്കൊപ്പം സ്വർണം കട്ട ഉണ്ണികൃഷ്ണൻ പോറ്റിയും കളവുമുതൽ വാങ്ങിയ വ്യാപാരിയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതെങ്ങനെയാണ്? ഇവരുടെ കൂടെ അടൂർ പ്രകാശും ആന്റോ ആന്റണിയും എങ്ങനെ എത്തിപ്പെട്ടു. ഇവരെല്ലാം എങ്ങനെയാണ് ഒന്നിച്ചെത്തിപ്പെട്ടത്? പോറ്റിയെ കേറ്റിയേ എന്നു പറഞ്ഞില്ലേ. പോറ്റി ആദ്യം കയറിയത് അവിടെയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് മറുപടി പറയണം. അന്വേഷണം കൃത്യമായി നടക്കട്ടെ. പോറ്റി വിളിച്ചിട്ടാണ് പോയതെന്നാണ് അടൂർ പ്രകാശിന്റെ മറുപടി. പോറ്റി വിളിച്ചിടത്തെല്ലാം ചെല്ലേണ്ടയാളാണോ അദ്ദേഹമെന്നും അദ്ദേഹം ചോദിച്ചു.

എസ്.ഐ.ടി. ചോദ്യം ചെയ്യുന്നത് തന്നെ അറിയിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളേയും മുഖ്യമന്ത്രി തള്ളി. അന്വേഷണവുമായി ബന്ധപ്പെട്ട് വ്യക്തത തേടുന്നതിന്റെ ഭാഗമായി എസ്‌ഐടിക്ക് പലരേയും ചോദ്യംചെയ്യേണ്ടിവരും. അന്വേഷണം സ്വതന്ത്രമായി നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയെ കണ്ടാൽ ചിരിക്കും കൈക്കൊടുക്കും എന്നല്ലാതെ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് സംബന്ധിച്ച ചോദ്യത്തിന്, ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിണറായി വിജയൻ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വത്തിന് അങ്ങനെയൊരു നിലപാടുണ്ടായിരിക്കും. അദ്ദേഹം കാറിൽ കയറ്റില്ലായിരിക്കും. കാറിൽ കയറ്റിയത് ശരിയാണെന്നാണ് തന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം സിപിഐ ചതിയൻ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തെ മുഖ്യമന്ത്രി തള്ളി. സിപിഐ മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ്. അവർ ഏതെങ്കിലും തരത്തിലുള്ള വഞ്ചനയും ചതിയും കാണിക്കുമെന്ന തോന്നൽ തങ്ങൾക്കാർക്കുമില്ല. ശിവഗിരിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസംഗം കേൾക്കാതെ പോകേണ്ടിവന്നത് കാബിനറ്റ് യോഗമുള്ളതുകൊണ്ടായിരുന്നു. മര്യാദകേട് കാണിക്കേണ്ടതായി വരുമെന്ന് വേദിയിൽവെച്ച് പറഞ്ഞതാണ്. അദ്ദേഹത്തേയും ഇക്കാര്യം അറിയിച്ചു. നേരെ കാബിനറ്റിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും മോഹൻലാലിന്റെ അമ്മ മരിച്ചതുകാരണം ഇടയ്ക്കുവെച്ച് അവിടെക്കയറി. തുടർന്ന് കാബിനറ്റിൽ പങ്കെടുത്തു. പിന്നാലെ മരിച്ച ധർമടം മുൻ എംഎൽഎ കെ.കെ. നാരായണന്റെ വീട്ടിലും പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിസ്സഹായരായ ഒരുകൂട്ടം ആളുകളെ ബുൾഡോസർ ഉപയോഗിച്ച് തെരുവാധാരമാക്കുന്ന നില വന്നപ്പോൾ അതിനെതിരെയായിരുന്നു തന്റെ പ്രതികരണമെന്ന് കർണാടക വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ നടന്നാൽ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റേയോ അതിർത്തി പരിഗണിച്ചല്ല നമ്മൾ പ്രതികരിക്കാറുള്ളത്. ഗാസയിലും മറ്റുമൊക്കെ നമ്മൾ പ്രതികരിച്ചിട്ടുണ്ട്. കർണാടകയിലെ വിഷയത്തിലും ആ വിധത്തിലുള്ള പ്രതികരണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി തന്നെ നയിക്കില്ലേ എന്ന ചോദ്യത്തിന്, അത് ആ ഘട്ടത്തിൽ ഉചിതമായ സമയത്ത് പാർട്ടി വ്യക്തത വരുത്തുമെന്നും പാർട്ടി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര്യ മുക്തരായവരിൽ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി തദ്ദേശസ്ഥാപനങ്ങളെ ഓർമിപ്പിച്ചു. അവർ അതിദാരിദ്ര്യത്തിലേക്ക് തിരികെപ്പോകരുത്. അതിൽനിന്ന് അവരെ മുക്തരാക്കാനാകണം. ഈ പ്രക്രിയ സൂക്ഷ്മതയോടെ മുന്നോട്ടുകൊണ്ടുപോകണം. ഇക്കാര്യം തദ്ദേശസ്ഥാപനങ്ങളോട് ശ്രദ്ധിക്കണം. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ബാക്കി വീടുകളുടെ പണികൾ പുരോഗമിക്കുന്നു. ഫെബ്രുവരിയിൽ വീട് കൈമാറുകയാണ് ലക്ഷ്യം. എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു. 3.9 കിലോമീറ്റർ നീളത്തിൽ റോഡിന്റെ പ്രാരംഭ പണികളും പൂർത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News