കോന്നി: കോന്നി വനം ഡിവിഷനില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറസ് മനുഷ്യരിലേക്കും പടരുന്നതാണെന്നത് മലയോര മേഖലയെ ഭീതിയിലാക്കിയിരിക്കുകയാണ്. കുറെ ദിവസങ്ങളായി കല്ലേലി ഭാഗത്ത് ഉള്‍പ്പെടെ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നുണ്ടായിരുന്നു. എന്നാല്‍,പന്നികളുടെ ജഡങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ വൈറസ് ബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
ഓര്‍ത്തോമിക്‌സോ വൈറസ് ശ്രേണിയില്‍പെട്ടവയാണ് രോഗബാധയുണ്ടാക്കുന്നത്. പന്നികളിലും മനുഷ്യരിലുമാണ് സാധാരണ കണ്ടെത്തിയിട്ടുള്ളത്. 1918ലാണ് ആദ്യമായി പന്നിപ്പനി വൈറസ് കണ്ടെത്തിയതെന്ന് വനം അധികൃതര്‍ പറയുന്നു. ഇത്തരം വൈറസുകള്‍ക്ക് 2009 ല്‍ നിരവധി ഉപവിഭാഗങ്ങളും ഉണ്ടായി.
ഇന്‍ഫ്‌ലൂവന്‍സ സി വൈറസ് എന്ന വ്യത്യസ്ത തരവും എച്ച്1 എന്‍1, എച്ച്1 എന്‍2, എച്ച്3 എന്‍1, എച്ച്3 എന്‍2, എച്ച്2 എന്‍3 ഉപവിഭാഗങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരില്‍ രോഗബാധയുണ്ടായാല്‍ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, വിറയല്‍, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍.
കോന്നി വനംഡിവിഷന്റെ അധികാര പരിധിയിലെ ചില പഞ്ചായത്തുകളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വിവരം വനംവകുപ്പ് മൂടിവെച്ചിട്ടില്ലെന്ന് ഡി.എഫ്.ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞമാസം മലയാലപ്പുഴ പഞ്ചായത്തില്‍ ചത്ത കാട്ടുപന്നിയുടെ മൃതശരീര പരിശോധനയിലാണ് പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇത് വളര്‍ത്തുപന്നികളില്‍നിന്ന് കാട്ടുപന്നികളിലേക്ക് പകരുന്ന രോഗമാണ്.
രോഗം ബാധിച്ച പന്നികളുടെ മാംസ അവശിഷ്ടങ്ങള്‍ യഥാവിധി സംസ്‌കരിക്കാതെ വലിച്ചെറിയുമ്പോള്‍ കാട്ടുപന്നിക്കൂട്ടങ്ങളിലേക്കും ഇത് പകരുന്നു. പന്നികളിലെ ഈ പകര്‍ച്ചവ്യാധി മനുഷ്യനിലേക്ക് പകരുന്നതായോ മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കുന്നതായോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. കാട്ടിലും നാട്ടിലും മരണപ്പെടുന്ന വന്യമൃഗങ്ങളുടെ വിശദാംശങ്ങള്‍ അതത് ദിവസങ്ങളില്‍ തന്നെ വനംവകുപ്പ് ഓണ്‍ലൈനായി ചേര്‍ക്കുന്നുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു.