ഗുരുതര വീഴ്ച്ച; അഞ്ച് മിനിട്ടിനുള്ളില്‍ അറുപത്തിയഞ്ചുകാരിയ്ക്ക് നല്‍കിയത് കൊവീഷീല്‍ഡിന്റെയും കൊവാക്സിന്റെയും ഓരോ ഡോസ് വീതം
പാട്‌ന: അഞ്ച് മിനിട്ടിനുള്ളില്‍ അറുപത്തിയഞ്ചുകാരിയ്ക്ക് നല്‍കിയത് കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകള്‍. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ ഓരോ ഡോസുവീതമാണ് വയോധികയ്ക്ക് നല്‍കിയത്. പാട്‌നയില്‍ ജൂണ്‍ 16നാണ് സംഭവം. സുനില ദേവി എന്ന സ്ത്രീയ്ക്കാണ് രണ്ട് വാക്സിനുകളുടെയും ഓരോ ഡോസുകള്‍ വീതം നല്‍കിയത്.
സുനില ദേവിയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും, മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.താന്‍ ജൂണ്‍ 16 ന് ബെല്‍ദാരിചക്കിലെ ഒരു സ്‌കൂളില്‍ വാക്സിനെടുക്കാന്‍ പോയി. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ക്യൂവില്‍ നിന്നു. ആദ്യം അവര്‍ കൊവീഷീല്‍ഡ് വാക്സിന്റെ ഒരു ഡോസ് കുത്തിവച്ചുവെന്ന് സുനില ദേവി പറയുന്നു.
അഞ്ച് മിനിട്ട് നിരീക്ഷണത്തിലിരിക്കാന്‍ വാക്സിനേഷന്‍ ക്യാമ്ബിലുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഈ സമയമാണ് മറ്റൊരു നഴ്സ് വന്ന് കൊവാക്സിന്‍ കുത്തിവച്ചതെന്ന് അവര്‍ ആരോപിക്കുന്നു.
‘ഞാന്‍ നിരീക്ഷണ മുറിയില്‍ ഇരിക്കുമ്‌ബോള്‍ മറ്റൊരു നഴ്സ് കുത്തിവയ്പെടുക്കാനായി വന്നു. നേരത്തെ വാക്സിന്‍ സ്വീകരിച്ചുവെന്ന് പറഞ്ഞെങ്കിലും അവരത് ചെവികൊണ്ടില്ലെന്നും, ഇത്തരത്തിലുള്ള അശ്രദ്ധയ്ക്ക് കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ട് നഴ്സുമാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.