ബോളിവുഡ് ചിത്രങ്ങള്‍ തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയം ഏറ്റുവാങ്ങുന്നതില്‍ പ്രതികരണവുമായി നടി സ്വര ഭാസ്‌കര്‍. സുശാന്ത് സിങ്ങിന്റെ മരണം മുതല്‍ ബഹിഷ്‌കരണാഹ്വാനം വരെ ബോളിവുഡിന്റെ ഈ അവസ്ഥയ്ക്ക് പിന്നില്‍ കാരണമായി സ്വര പറയുന്നു. ബോളിവുഡിനെ രാഹുല്‍ ഗാന്ധിയുമായി താരതമ്യം ചെയ്യുന്ന പരാമര്‍ശവും സ്വര നടത്തി.
‘എല്ലാവരും അദ്ദേഹത്തെ പപ്പു എന്ന് വിളിക്കും. അതുകൊണ്ട് എല്ലാവരും അങ്ങനെ വിശ്വസിക്കുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്, തികഞ്ഞ ബുദ്ധിമാനും വാചാലനുമായ വ്യക്തിയാണ് അദ്ദേഹം. ബോളിവുഡിനും ഈ ‘പപ്പുഫിക്കേഷന്‍’ സംഭവിച്ചു’- സ്വര പറഞ്ഞു.
സുശാന്ത് സിങ്ങിന്റെ മരണം ബോളിവുഡിന് പ്രേക്ഷകര്‍ക്കിടയില്‍ ചീത്തപ്പേര് ഉണ്ടാക്കിയതായി സ്വര പറഞ്ഞു. എന്നാല്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്താത്തത് ബോളിവുഡിന്റെ കുറവായി കണക്കാക്കാനാകില്ലെന്ന് സ്വര പറഞ്ഞു.
സുശാന്തിന്റെ ആത്മഹത്യ വളരെ ദൗര്‍ഭാഗ്യകരമായ സംഭവമായി. അതിന് ശേഷം ബോളിവുഡിനെ മോശമായി ചിത്രീകരിക്കുന്നു. ബോളിവുഡ് എന്ന പറഞ്ഞാല്‍ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലൈംഗികതയുടെയും ഇടമായി വ്യാഖ്യാനിക്കപ്പെട്ടു- സ്വര പറഞ്ഞു.
കോവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. കങ്കണ റണാവത്ത്, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ആമീര്‍ ഖാന്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. കാര്‍ത്തിക് ആര്യന്‍ നായകനായ ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗം മാത്രമാണ് അതിനൊരു അപവാദമായി നിന്നത്. അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും ആമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും ഈ മാസം റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു. ഈ രണ്ടു ചിത്രങ്ങള്‍ക്കെതിരേ ബഹിഷ്‌കരണാഹ്വാനമായി ചിലര്‍ രംഗത്ത് വന്നു. ഇവ രണ്ടും ചിത്രങ്ങളും വന്‍പരാജയമായി.