തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടാന്‍ സ്വപ്നയെ സഹായിച്ച സ്ഥാപനം നിരവധി ഉന്നതര്‍ക്ക് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു കൊടുത്തിരുന്നതായി പോലീസിനു സൂചന ലഭിച്ചു. സ്വപ്ന സുരേഷിനെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെയും വിഷന്‍ ടെക്കിനെയും മാത്രമാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളതെങ്കിലും അന്വേഷണം കൂടുതല്‍ പേരിലേക്കു നീങ്ങുമെന്നാണു സൂചന.
തിരുവന്തപുരം തൈക്കാടുള്ള എഡ്യൂക്കേഷണല്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനത്തിലെ ചിലര്‍ വഴിയാണ് പഞ്ചാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്കു ലഭിച്ചത്. എയര്‍ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്തിരുപ്പോള്‍ ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തു മുഖേനയാണ് സ്വപ്ന എഡ്യൂക്കേഷണല്‍ ഗൈഡന്‍സ് സെന്ററിനെ സമീപിക്കുന്നത്. സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഈ സ്ഥാപനം വഴി തിരുവനന്തപുരത്തുള്ള നിരവധിപേര്‍ ഉന്നത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതായാണു സൂചന. ഇതില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരുമുണ്ട്.
അതേസമയം സ്വപ്ന സുരേഷ് സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്നാണെന്ന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ പോലീസിന് മൊഴി നല്‍കി. സര്‍ട്ടിഫിക്കറ്റിനായി ഒരു ലക്ഷത്തിലധികം രൂപ സ്വപ്ന നല്‍കി. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്ക്കര്‍ ടെക്നോളജില്‍ക്കല്‍ യൂണിവേഴ്സിറ്റില്‍നിന്നു ബികോം ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സ്വപ്ന സുരേഷ് സ്പെയ്സ് പാര്‍ക്കില്‍ നിയമനം നേടിയത്.
എന്നാല്‍ സ്വപ്ന ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സര്‍വകലശാലാല കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണെന്നു പോലീസ് കണ്ടെത്തിയത്. കേസില്‍ തമിഴ്നാട്ടിലും പഞ്ചാബിലും അന്വേഷണം നടത്തേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ വീണ്ടും ജയിലില്‍ ചോദ്യം ചെയ്യും.