ഊഞ്ഞാല്‍ കെട്ടി കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ഊഞ്ഞാല്‍ കെട്ടി കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് എട്ടുവയസുകാരന്‍ മരിച്ചു. പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് ആണ് മരിച്ചത്. കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനുസമീപത്തെ പഴയവീടിന്റെ തൂണിടിഞ്ഞുവീണാണ് ഫയാസിന് അപകടമുണ്ടായത്.

കൂട്ടുകാരന്‍ ഹാഷിമിനൊപ്പം പഴയകെട്ടിടത്തിന്റെ തൂണില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുകയായിരുന്നു ഫയാസ്. ഊഞ്ഞാല്‍ കെട്ടിയ തൂണ്‍ ഇടിഞ്ഞുവീണ് ഇരുവര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. ഉടന്‍തന്നെ ഇവരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിന്റ ജീവന്‍ രക്ഷിക്കാനായില്ല. ഹാഷിമിന് കാലിന് സാരമായ പരിക്കുണ്ട്.

പറവണ്ണ ജിഎം യുപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ഫയാസ്. പിതാവ് ഫാറൂഖ് ഗള്‍ഫിലാണ്. മാതാവ്: ജമീല. ഷെര്‍മില ഫര്‍ഹ, ഇര്‍ഫാന ഫര്‍ഹ, ഷംന എന്നിവരാണ് സഹോദരങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News