തിരുവനന്തപുരം:തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചു വിട്ടു.
ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍ മനേജരായിരുന്ന സ്വപ്ന നേരത്തെ യു.എ.ഇ കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നു. സ്വപ്ന ഇപ്പോള്‍ ഒളിവിലാണ്. കസ്റ്റഡിയിലുള്ള മുന്‍ പി.ആര്‍.ഒ. സരിത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം.
കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജ തിരിച്ചറിയില്‍ കാര്‍ഡുണ്ടാക്കി ഇതുവഴിയാണ് സരിത് സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഞായറാഴ്ചയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 15 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയത്. സ്റ്റീല്‍ പൈപ്പുകള്‍ക്കുളളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയുടെ പങ്കുകൂടി തെളിഞ്ഞതോടെ അന്വേഷണം മേല്‍ത്തട്ടിലേക്ക് നീങ്ങുകയാണ്.