വയനാട്ടിൽ വൻ കഞ്ചാവ് വേട്ട

വയനാട്: രണ്ട് കാറുകളിലായി കടത്തിയ 10 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ബീനാച്ചിയില്‍ വച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ മലപ്പുറം ഏറനാട് സ്വദേശികളായ വിവേക്, മുഹമ്മദ് ഷിബിലി എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തുകാരെ എക്‌സൈസ് സംഘം സമീപിച്ചത്. 2 കിലോ കഞ്ചാവിന് സംഘം അന്‍പതിനായിരം രൂപ ആവശ്യപ്പെടുകയും തുടര്‍ന്ന് പനമരം ബീനാച്ചി റോഡില്‍ കഞ്ചാവുമായി എത്താന്‍ എക്‌സൈസ് സേനാംഗങ്ങള്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഇത് പ്രകാരം രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളിലായി നാലംഗ സംഘം ഇവിടെ എത്തുകയും തുടര്‍ന്ന് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിലിയെയും വിവേകിനെയും രണ്ട് കാറുകളും പിടികൂടുകയും ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഫവാസ് , അടിവാരം സ്വദേശി പ്യാരി എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇരുവരെയും പ്രതി ചേര്‍ത്ത് കേസ്സെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News