സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ മൊഴി

കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ വന്‍ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടിലാണ് സ്പീക്കര്‍ക്ക് എതിരെയുള്ള സ്വപ്നയുടെ മൊഴിയുള്ളത്. സ്പീക്കര്‍ തന്നെ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചു എന്നാണ് സ്വപ്നയുടെ മൊഴി.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസര്‍ എം ശിവശങ്കറിന്റെ ടീം ഉണ്ടായിരുന്നു എന്നും സ്വപ്ന ആരോപിക്കുന്നു. ചാക്കയിലെ ഫ്ളാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. നിരവധി വട്ടം ഫ്ളാറ്റിലേക്ക് വിളിച്ചിട്ടും താന്‍ തനിച്ച് പോയിരുന്നില്ല.

സ്പീക്കറുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് കീഴ്പ്പെടാതിരുന്നതിനാല്‍ മിഡില്‍ ഈസ്റ്റ് കോളജിന്റെ ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കര്‍ ടീം സര്‍ക്കാരിന്റെ പല പദ്ധതികളും ബിനാമി പേരുകളില്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും സ്വപ്നയുടെ മൊഴിയിലുണ്ട്. സി എം രവീന്ദ്രന്‍, ദിനേശന്‍ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവരെന്നാണ് സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News