സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിലാകുന്നതിന് മുന്‍പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം സ്വപ്ന സുരേഷും സന്ദീപും വൈദ്യ സഹായം ആവശ്യപ്പെട്ടു.

പ്രതികള്‍ വൈദ്യ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എന്‍ഐഎ ഓഫീസില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദമെന്നാണ് പ്രതികള്‍ പറഞ്ഞിരിക്കുന്നത്. ബിപിക്കും ടെന്‍ഷനും മരുന്ന് വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ഐഎ അധികൃതര്‍ കരുതുന്നത് ഇത് പ്രതികളുടെ തന്ത്രമെന്നാണ്.

കൂടാതെ കേസിലെ ഒന്നാം പ്രതിയായ സരിത്തും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനും തമ്മില്‍ ബന്ധമുണ്ടെന്നതിന്റെ സൂചന പുറത്തുവന്നു. തന്റെ ഫോണില്‍ നിന്ന് സരിത്ത് ശിവശങ്കരനെ പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.

കൂടാതെ സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലും തമ്മില്‍ പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നതിന്റെ തെളിവും പുറത്ത് വന്നിട്ടുണ്ട്. സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ് ഇരുവരും തമ്മില്‍ പലപ്പോഴായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. സ്വപ്ന ഒരു തവണ മാത്രമാണ് വിളിച്ചത്. എന്നാല്‍ മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു. ഫോണ്‍ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News