KeralaNews

ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നെന്ന് സ്വപ്‌ന സുരേഷ്; ‘ആത്മാര്‍ത്ഥമായി ജോലി ചെയ്യും ‘

തൊടുപുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയില്‍ ജോലിയില്‍ പ്രവേശിച്ചു. ബിജെപി അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ ഡയരക്ടറായാണ് സ്വപ്നയുടെ നിയമനം. ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

ലഭിച്ച ജോലി ആത്മാര്‍ത്ഥമായി ചെയ്യും. നിലവിലെ കേസുകളും ജോലിയും കൂട്ടിക്കുഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ആദിവാസികളാണെങ്കിലും കോര്‍പറേറ്റുകളാണെങ്കിലും മനുഷ്യരാണ്. സ്ഥാപനവും ഓഫീസുകളും മാത്രമേ മാറുന്നുള്ളൂ. മനുഷ്യ മനസുകള്‍ മാറുന്നില്ല. എവിടെ ആയാലും ജോലി ചെയ്യാന്‍ താന്‍ തയ്യാറാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എച്ച്ആര്‍ഡിഎസ് (ഹൈ റേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന എന്‍ജിഒയിലാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് എച്ച്ആര്‍ഡിഎസ് പ്രവര്‍ത്തനം നടത്തുന്നത്.43,000 രൂപയോളമാണ് സ്വപ്നയുടെ മാസം ശമ്പളം.

ബിജെപി നേതാവായ ഡോ എസ് കൃഷ്ണ കുമാര്‍ ഐഎഎസ് ആണ് ഇതിന്റെ തലവന്‍. ഇദ്ദേഹം മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുന്നത്. മലയാളികള്‍ അടക്കമുള്ള ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന്റെ മറ്റ് പ്രധാന പദവികളില്‍.

കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ എന്‍ജിഒ സ്ഥാപിക്കപ്പെട്ടതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ പിന്‍മാറിയിരുന്നു. കൊച്ചി എന്‍ഐഎ കോടതിയില്‍ ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ പിന്‍മാറുകയാണെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു, വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനാകില്ലെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കല്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ സ്വപ്ന സുരേഷിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ഹാജരാകാനിരിക്കെയാണ് അഭിഭാഷകന്‍ പിന്‍മാറുന്നത് എന്നും ശ്രദ്ധേയമാണ്. അഭിഭാഷകന്‍ പിന്‍മാറിയ സാഹചര്യത്തില്‍ എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണാഭരണങ്ങളും, വിദേശ കറന്‍സികളുമടക്കമുള്ള രേഖകള്‍ വിട്ട് തരണമെന്ന സ്വപ്നയുടെ ഹര്‍ജി കൊച്ചി എന്‍ഐഎ കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. കള്ളപ്പണ ഇടപാടില്‍ ശിവശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നു എന്നും സ്വപ്ന തുറന്നുപറഞ്ഞിരുന്നു.

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്

പുതിയ വിവരങ്ങള്‍ കോടതിയില്‍ ഔദ്യോഗികമായി ഉടന്‍ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതല്‍ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നു. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആണ് സ്വപ്ന ആവശ്യപ്പെട്ടത്. നേരില്‍ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ ഡി സമയം അനുവദിക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചവരില്‍ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണെന്നും നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ് പറഞ്ഞത്.

തന്നെ ഏറ്റവും വേദനിപ്പിച്ചത് ശിവശങ്കറിന്റെ എഴുത്താണ്. ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്റെ ഫ്‌ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നായിരുന്നു സ്വപ്നയുടെ അന്നത്തെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button