കൊച്ചി: കെ ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സ്വപ്ന സുരേഷ് നീക്കം തുടങ്ങി.ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി.പോലീസിനെ ഉപയോഗിച്ച് വേട്ടയാടാന്‍ നീക്കമുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അതേസമയം കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഒരു എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്ഐആറിൽ പരാമർശമുണ്ട്.അതേ സമയം പാലക്കാട് വിജിലൻസ് പിടിച്ച സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും.
പൊലീസ് ജലീലിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്‍റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും. സോളാർ കേസ് പ്രതി സരിതയെയും ചോദ്യം ഈ കേസുമായി ബന്ധപ്പെട്ട് ചെയ്യും. സരിതയും ജോർജുമായിട്ടുള്ള ടെലിഫോൺ സംഭാഷണം നേരത്തേ ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ ഞെട്ടൽ മാറും മുമ്പാണ് വേഗത്തിൽ സർക്കാർ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയും ക്രമസമാധാനാചുമതലയുള്ള എഡിജിപിയും തമ്മിൽ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. പിന്നാലെ കെ ടി ജലീൽ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്വപ്നയും പി സി ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.
പൊലീസ് കേസിനൊപ്പമുള്ളതായിരുന്നു സരിത്തിനെ ഇന്നലെ വിജിലൻസ് നാടകീയമായി പാലക്കാട്ട് കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കേസിലായിരുന്നു അസാധാരണ നടപടിയിലൂടെയുള്ള കസ്റ്റഡി. ലൈഫ് മിഷൻ കേസിൽ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സർക്കാർ ഇറക്കിയത് വിജിലൻസിനെ തന്നെയായിരുന്നു.
സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല. ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷന്‍റെ കാലാവധി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ആറുമാസത്തേക്ക് നീട്ടിയത്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിൽ, സർക്കാറിന് ഒളിക്കാനില്ലെങ്കിൽ എന്തിനാണ് വിജിലൻസിനെ പഴയ കേസിൽ ഇറക്കുന്നതെന്നാണ് ചോദ്യം. അതേ സമയം സരിത്തിന്‍റെ ചോദ്യം ചെയ്യലും സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം.
സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ചുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ബിരിയാണിച്ചെമ്പ് ഏന്തിയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി ജെ പി, യുവമോർച്ച പ്രവർത്തകർ. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്ന പറഞ്ഞ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്‍റെ രാജി ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. പ്രധാന കേന്ദ്രങ്ങളിൽ ബിരിയാണി ചലഞ്ച് അടക്കം സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നാളെ സംസ്ഥാന വ്യാപകമായി കളക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് കെ പി സി സി വ്യക്തമാക്കിയിട്ടുണ്ട്.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന കറന്‍സി കടത്തലില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണനാണ് അറിയിച്ചത്. ഇന്ത്യാചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് വരുന്നത്. കേരള ജനതയെ ഒന്നടങ്കം അപമാനിച്ച മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ആ കസേരയില്‍ തുടരാനാവുക. ബിജെപിയുമായുള്ള അവിഹിത കരാറിലൂടെ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിച്ചെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ കേരളക്കരയെ ഒന്നാകെ നടുക്കുന്നതാണ്. ആത്മാഭിമാനം അല്‍പ്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്വയം രാജിവെച്ച് ഒഴിയുന്നതാണ് ഉചിതമെന്നും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമമെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ അധികാര കസേരയില്‍ നിന്നും ചവിട്ടിയിറക്കുന്ന നാളുകള്‍ അതിവിദൂരമല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കളക്ടേറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ആലപ്പുഴയില്‍ രമേശ് ചെന്നിത്തല,കൊല്ലത്ത് കെ.മുരളീധരന്‍ എംപിയും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
അതേസമയം തിരിച്ചടിക്കാനുള്ള നീക്കത്തിലാണ് സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സി പി എമ്മും തീരുമാനിച്ചിട്ടുള്ളത്. ആരോപണങ്ങളെ പുച്ഛിച്ച് തള്ളിയ മുഖ്യമന്ത്രി തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ പ്രമുഖ സി പി എം നേതാക്കളും ആരോപണങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന കാര്യങ്ങളടക്കം അന്വേഷിക്കാൻ സർക്കാർ നീക്കം ആരംഭിച്ചിട്ടുമുണ്ട്. കെ ടി ജലീല്‍ നല്‍കിയ പരാതിയിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതിചേര്‍ത്താണ് കൻറോൺമെന്‍റ് പൊലീസ് കേസെടുത്തത്. കേസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാണ് കെ ടി ജലീന്‍റെ പരാതി.