വിക്രത്തിലെ ചെറിയ വേഷത്തിനു പിന്നിലെ കാരണം,ഹരീഷ് പേരടി പറയുന്നു
കൊച്ചി: വിക്രം എന്ന വലിയ സിനിമയില്‍ ചെറിയൊരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടതിനു പിന്നില്‍ കാരണമുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. കൈതിയിലെ സ്റ്റീഫന്‍ രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്ന് താരം സമൂഹമാധ്യമത്തില്‍ കുറിച്ചു. വിക്രമില്‍ എന്തുകൊണ്ട് ചെറിയ വേഷത്തില്‍ അഭിനയിച്ചുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞെഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകേഷിന് ഇനിയും വരികള്‍ പൂരിപ്പിക്കാനുണ്ട്. ഉലകനായകന്‍ കമല്‍ ഹാസന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന തന്റെ ഒടുങ്ങാത്ത ആഗ്രഹമാണ് വിക്രമിലൂടെ പൂവണിഞ്ഞതെന്നും ഹരീഷ് പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകള്‍.-”എന്നെ സ്‌നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു. തമിഴ് സിനിമയില്‍ പ്രാധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയ നിങ്ങള്‍ എന്തിനാണ് വിക്രമില്‍ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്. വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാന്‍ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല. കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം.
ലോകേഷിന് ഇനിയും വരികള്‍ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം…പിന്നെ മദനോത്സവം ഞാന്‍ കാണുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്. കമല്‍ഹാസന്‍ എന്ന ആ ഇതിഹാസത്തിന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും..കോയമ്പത്തൂരില്‍ വച്ച് ഇന്നാണ് സിനിമ കണ്ടത്…Seat Edge Experience…എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരീരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം…കമല്‍ സര്‍..ഉമ്മ..ലോകേഷ് സല്യൂട്ട്.”
വിക്രം സിനിമയുടെ വിജയത്തിൽ നടൻ സൂര്യയ്ക്ക് റോളക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ. കമലാഹാസൻ തന്‍റെ സ്വന്തം വാച്ചാണ് സ്നേഹോപഹാരമായി സൂര്യക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ റോളക്സ് എന്ന വില്ലൻ കഥാപാത്രമായി എത്തുന്ന സൂര്യയുടെ പ്രകടനം തിയറ്ററുകളിൽ വലിയ കയ്യടിയാണ് നേടുന്നത്. ലക്ഷങ്ങൾ വില വരുന്ന വാച്ച് ആണിത്. കമല്‍ഹാസൻ വാച്ച് സമ്മാനിക്കുന്ന ചിത്രങ്ങൾ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
റോളക്സ് വാച്ച് ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ റോളക്സ് ഡേ ഡേറ്റ് പ്രസിഡെൻഷ്യൽ ആണ് കമൽ, സൂര്യയ്ക്ക് സമ്മാനിച്ചത്. ലോക നേതാക്കളടക്കമുള്ള വിവിഐപികൾ ഉപയോഗിക്കുന്ന വാച്ചിന് ഏകദേശം മുപ്പത് ലക്ഷം രൂപയാകും.
നേരത്തേ, സംവിധായകൻ ലോകേഷ് കനകരാജിന് ലക്സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാറും 13 സഹസംവിധായകർക്ക് അപ്പാച്ചെ 160 ആർടിആർ ബൈക്കും കമൽ സമ്മാനമായി നൽകിയിരുന്നു.
ലോകേഷിന് പുതിയ കാറിന്റെ താക്കോൽ കമൽ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘നന്ദി ആണ്ടവനേ’ എന്ന ക്യാപ്ഷനോടെ കാറിന്റെ ചിത്രവും ലോകേഷ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലെക്സസ് കാറുകളോടു ഭ്രമമുള്ള കമൽ ആദ്യമായാണ് അത്തരത്തിലൊന്ന് ഒരാൾക്ക് സമ്മാനമായി നൽകുന്നത്.
താനേ സേർന്ത കൂട്ടം’ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടൻ സൂര്യ സംവിധായകൻ വിഘ്നേഷ് ശിവന് ഇന്നോവയും തെലുങ്ക് നടൻ രവി തേജ സംവിധായകന് റേഞ്ച് റോവർ വേളാറും സമ്മാനിച്ചിട്ടുണ്ട്.
ജൂൺ 3 ന് റിലീസായ വിക്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് 200 കോടിയിലേറെ രൂപയാണ് ബോക്സ്ഓഫിസിൽ നിന്ന് ചിത്രം നേടിയത്. മലയാളി താരങ്ങളായ ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം ഉൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ട്.
കൈതി എന്ന തന്റെ ചിത്രത്തിന്റെ അടുത്ത ഭാഗമായിട്ടാണ് ലോകേഷ് വിക്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ താരം സൂര്യ അതിഥിവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. അടുത്ത ഭാഗത്തിൽ തനിക്കൊപ്പം മുഴുനീള വില്ലൻ വേഷത്തിൽ സൂര്യ ഉണ്ടാകുമെന്ന് കമൽ ഹാസനും ഉറപ്പിച്ചു പറയുന്നുണ്ട്.