സ്വാമി പ്രകാശാനന്ദയെ സമാധിയിരുത്തി, ആദരാഞ്ജലിയര്‍പ്പിച്ച് പ്രമുഖര്‍
കൊല്ലം:ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സംസ്‌കാരം നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും മഠം പ്രതിനിധികളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശിവഗിരിയില്‍ നടന്ന സമാധിയിരുത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാമി പ്രകാശാനന്ദയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു സ്വാമി പ്രകാശാനന്ദയുടെ വിയോഗം. 99 വയസായിരുന്നു. ശ്രീ നാരായണ ധര്‍മ്മസംഘം മുന്‍ പ്രസിഡന്റുകൂടിയായിരുന്ന സ്വാമി പ്രകാശാനന്ദ കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അദ്ദേഹം തന്റെ 23ാം വയസിലാണ് സന്യാസ ജീവിതത്തിലേക്ക് എത്തിയത്. അക്കാലത്ത് മഠാതിപതിയായിരുന്ന ശങ്കരാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. ശ്രീനാരായണഗുരു നേരിട്ട് ദീപ്തം നല്‍കിയ വ്യക്തിയാണ് ശങ്കരാനന്ദ.