കൊച്ചി: കൃഷിക്കു ശല്യമായി മാറിയ നീലക്കോഴികളെ ‘ക്ഷുദ്രജീവികളായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഹൈക്കോടതിയില്‍. കൃഷിയിറക്കുന്നതു മുതല്‍ കൊയ്ത്തു വരെ നീലക്കോഴികള്‍ ശല്യമുണ്ടാക്കുന്നതായും ഇതുമൂലം വലിയ നഷ്ടം നേരിടേണ്ടിവരുന്നുവെന്നുമാണ് കര്‍ഷകര്‍ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടി.
എറണാകുളം ജില്ലയിലെ പൊക്കാളി കര്‍ഷകരാണ് നീലക്കോഴികള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ജൂണില്‍ കൃഷിയിറക്കുന്ന കാലത്ത് എത്തുന്ന നീലക്കോഴികള്‍ നവംബറില്‍ കൊയ്ത്തുവരെ പാടത്തു തുടരും. ഇതിനിടെ കൃഷിക്കു വലിയ നാശമാണ് ഇവ വരുത്തിവയ്ക്കുന്നതെന്ന് കര്‍ഷകരുടെ പക്ഷം. കൂട്ടത്തോടെയെത്തുന്ന പക്ഷികള്‍ നെല്ലു തിന്നുക മാത്രമല്ല, നെല്‍ച്ചെടി കൊത്തിയെടുത്ത് കൂടുകെട്ടുകയും ചെയ്യും.
സംരക്ഷിത വിഭാഗത്തില്‍പെടുന്ന പക്ഷികള്‍ ആയതിനാല്‍ ഇവയെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അതുകൊണ്ടാണ് പരിഹാരം തേടി കോടതിയെ സമീപിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.നീലക്കോഴികള്‍ക്കെതിരെ ഇത്തരമൊരു പരാതി ആദ്യം കേള്‍ക്കുകയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഇവയെ ശല്യക്കാരായി പ്രഖ്യാപിക്കമെന്ന ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ കര്‍ഷകര്‍ വനംവകുപ്പിനെയാണ് സമീപിക്കേണ്ടതെന്നു നിലപാടെടുത്തു. ഇത്തരം സാങ്കേതികത്വത്തില്‍ തൂങ്ങാതെ കര്‍ഷകരുടെ പരാതി വസ്തുതയുടെ അടിസ്ഥാനത്തിലാണോയെന്നു പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. യാതൊരു കാര്യവുമില്ലാതെ കര്‍ഷകര്‍ ഇത്തരമൊരു പരാതിയുമായി വരുമോയെന്ന് കോടതി ആരാഞ്ഞു.
നേരത്തെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ഹൈക്കോടതി കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരുന്നു. കര്‍ഷകര്‍ക്കു ശല്യമാവുന്ന മേഖലകളില്‍ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നീലക്കോഴികള്‍ക്കെതിരായ പൊക്കാളി കര്‍ഷകരുടെ ഹര്‍ജി.