സ്വാമി പരിപൂര്‍ണ ജ്ഞാനതപസ്വി അന്തരിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ ജ്ഞാനതപസ്വി അന്തരിച്ചു. 75 വയസായിരുന്നു. നാളെ രാവിലെ പത്തുമുതല്‍ ആശ്രമത്തില്‍ സ്വാമിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് വൈകിട്ട് മൂന്നിന് ആശ്രമ വളപ്പില്‍ സംസ്‌കാരം നടക്കും.

ഉച്ചക്ക് ഒന്നേ ഇരുപതോടെ വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജിലായിരുന്നു സ്വാമി പരിപൂര്‍ണ ജ്ഞാന തപസ്വിയുടെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.

1946 ല്‍ കണ്ണൂര്‍ കണ്ണപുരത്തായിരുന്നു സ്വാമിയുടെ ജനനം. പൂര്‍വാശ്രമത്തില്‍ ടി. വി. ബാലകൃഷ്ണനെന്നായിരുന്നു പേര്. എയര്‍ഫോഴ്സില്‍ 17 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. 1999ലാണ് സന്യാസദീക്ഷ സ്വീകരിച്ച് ശാന്തിഗിരി ആശ്രമത്തിന്റെ ഭാഗമായത്.

ആശ്രമത്തിന്റെ ന്യൂഡല്‍ഹി, സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആശ്രമം ട്രഷററായും, ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതല്‍ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റായി
പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News