കൊല്ലം: കിഴക്കേ കല്ലടയില്‍ ഭര്‍തൃ ഗൃഹത്തിലെ മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി രേഖപെടുത്തി. സുവ്യയുടെ ശബ്ദ സന്ദേശത്തിലെ വാക്കുകള്‍ ശെരി വെക്കുന്ന മൊഴിയാണ് സുവ്യയുടെ മകന്‍ നല്‍കിയത്.
സുവ്യയെ ഭര്‍ത്താവിന്റെ അമ്മ നിരന്തരം വഴക്കു പറയാറുണ്ടായിരുന്നെന്ന് എന്നാണ് മകന്‍ നല്‍കിയ മൊഴി. ഭര്‍തൃ മാതാവില്‍ നിന്നുളള നിരന്തര മാനസിക പീഡനത്തിന്റെ തെളിവായി ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് അയച്ച ശേഷമാണ് സുവ്യ ആത്മഹത്യ ചെയ്തത്.
എന്നാല്‍ ശബ്ദ സന്ദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അജയകുമാറിനും ഭര്‍ത്താവിന്റെ അമ്മ വിജയമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്താമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഈ സാഹചര്യത്തില്‍ സുവ്യയുടെ ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കുന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി.
നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് കിഴക്കേ കല്ലട പൊലീസ് അറിയിച്ചു. സുവ്യയുടെ സഹോദരനും ആറു വയസുകാരന്‍ മകനും ഉള്‍പ്പെടെ പതിമൂന്ന് ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. എഴുകോണ്‍ സ്വദേശിനിയായ സുവ്യ ഞായറാഴ്ച രാവിലെയാണ് കിഴക്കേ കല്ലടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. ഭര്‍തൃഗൃഹത്തില്‍ സുവ്യ നേരിട്ട പീഡനങ്ങളെ പറ്റി കൊല്ലം റൂറല്‍ എസ് പിയ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.