കൊച്ചി: മുൻ ചീഫ് വിപ്പ് പിസി ജോർജിന് പീഡന പരാതിയിൽ ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം പിസി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് പിസി ജോർജിന് ജാമ്യം അനുവദിച്ചതെന്നാണ് പരാതിക്കാരിയുടെ വാദം. പിസി ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ല. ജാമ്യം ലഭിച്ചതിന് ശേഷം പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ് എച്ച് ഒക്കെതിരെയാണ് ആരോപണം.
പി സി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയെന്ന് കോടതി ഇന്ന് നിരീക്ഷിച്ചു. ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ട്. പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു.
ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ളയാളാണ് പരാതിക്കാരി. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു. പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും കോടതി വ്യക്തമാക്കി. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് നിരീക്ഷണം. സോളാർ തട്ടിപ്പ് കേസ് പ്രതി നൽകിയ പീഡന പരാതിയിൽ ശനിയാഴ്ചയാണ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്തത്.
തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ജോർജിനെ വിളിച്ച് വരുത്തിയിരുന്നു. ഈ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്തത്.