27.7 C
Kottayam
Thursday, March 28, 2024

ഇടുക്കി നെടുങ്കണ്ടത്ത് സ്കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഏറ്റുമുട്ടി, 10 പേർക്ക് പരുക്ക്

Must read

ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം മുണ്ടിയെരുമയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു. പത്തോളം പേര്‍ക്ക് പരിക്ക്.  സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകുന്നേരം നാലരയോടെയാണ് മുണ്ടിയെരുമയിലുള്ള കല്ലാർ ഗവണ്മെൻറ് സ്ക്കൂളിനു മുന്നിലാണ് സംഘർഷമുണ്ടായത്. 

ഞായറാഴ്ച തൂക്കുപാലത്ത്  നടന്ന ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് സ്ക്കൂൾ കുട്ടികളും പൂർവ്വ വിദ്യാത്ഥികളുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ട് ഇരു വിഭാഗത്തെയും ശാന്തരാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

വൈകുന്നേരം സ്‌കൂളിലെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുട്ടികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഹോം ഗാര്‍ഡിന് നേരെയും ആക്രമണ ശ്രമമുണ്ടായി. സംഭവം അറിഞ്ഞ് നെടുങ്കണ്ടത്തു നിന്നും പൊലീസെത്തി ഇവരെ പിരിച്ചുവിട്ടു.  സംഘർഷത്തിൽ പരിക്കേറ്റവര്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

ആശപത്രിയിൽ കുട്ടികളുണ്ടെന്നറിഞ്ഞ് എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം വീണ്ടും തൂക്കുപാലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

സംഭവം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാളിൻറെ  പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ പരിസരത്തും തൂക്കുപാലത്തെ ആശുപത്രിയിലും പൊലീസ് കാവലേര്‍പ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week