പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം കേസിലെ അതിജീവിത ഫെനി നൈനാനെതിരേ ആരോപണമുന്നയിച്ചുകൊണ്ടുള്ള അതിജീവിതയുടെ ശബ്ദസന്ദേശം പുറത്ത്. തന്‍റെ ചാറ്റുകൾ പുറത്തുവിട്ടത് വ്യക്തിപരമായി അധിക്ഷേപിക്കാനാണെന്ന് അതിജീവിത പറയുന്നു. ഇനി ആരെങ്കിലും പരാതിയുമായി വരാൻ തയ്യാറെടുക്കുകയാണെങ്കിൽ അവരെ ഭീഷണിപ്പെടുത്തുകകൂടി ലക്ഷ്യമിട്ടാണ് ഇതെന്നും അതിജീവിത ശബ്ദ സന്ദേശത്തിൽ പറയുന്നു. എല്ലാം ഫെനിക്ക് അറിയാമെന്നും അതിജീവിത കൂട്ടിച്ചേർത്തു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഫെനി നൈനാൻ പുറത്തുവിട്ടത്. ഇത് സൈബർ ആക്രമണത്തിന് ഇട്ടുകൊടുക്കാൻ വേണ്ടിയാണെന്ന് അതിജീവിത പറയുന്നു. ഫെനിക്ക് എല്ലാം അറിയാം. ഒരു വർഷത്തിനടുത്ത് ഫെനിയുമായി സൗഹൃദവും സംഭാഷണവും ചാറ്റും ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചാണ് ഫെനിയെ പരിചയപ്പെടുന്നത്. എന്റെ സഹോദരനെപ്പോലെയായിരുന്നു ഫെനിയെന്നും അതിജീവിത പറയുന്നു. 17 മിനിറ്റ് ദൈർഘ്യമുള്ളതാണ് ശബ്ദസന്ദേശം.
അതിജീവിതയുടെ വാക്കുകൾ:
എന്നെ അധിക്ഷേപിക്കണം, വ്യക്തിഹത്യ നടത്തണം, സ്ലട്ട് ഷെയിമിങ് നടത്തണം, സൈബർ ബുള്ളിയിങ് നടത്തണം. ഇനി മുന്നോട്ടു വരാനിരിക്കുന്ന കുട്ടികളെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും പെൺകുട്ടികളെയും എല്ലാവരെയും ഇത് കാണിച്ച് പേടിപ്പിക്കണം, അവരെ നിശബ്ദരാക്കണം എന്ന് ഉദ്ദേശിച്ചുകൊണ്ട് മാത്രം ഫെനി നൈനാൻ പുറത്തുവിട്ട കുറച്ച് സ്ക്രീൻഷോട്ടുകളും പോസ്റ്ററുകളും വളരെ വൈകിയാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഇതിനെപ്പറ്റി ഒരു വ്യക്തത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
ഫെനിയെ ഞാൻ പരിചയപ്പെടുന്നത് 2024 ജൂലൈയിലാണ്. അന്നുതൊട്ട് 2025 നവംബർ വരെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ഫെനിയെ ഞാൻ ഒരു അനിയനെപ്പോലെയാണ് കണ്ടിരുന്നത്. എനിക്ക് കുഞ്ഞിനെ നഷ്ടപ്പെടുന്നത് 2024 മെയ് മാസത്തിലാണ്.
ഒരു മനുഷ്യനെ എത്രത്തോളം മാനസികമായും ശാരീരികമായും തളർത്താമോ അതെല്ലാം അനുഭവിച്ചാണ് എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഞാൻ തകർന്നിരുന്ന സമയത്താണ് ഫെനി ഇൻസ്റ്റാഗ്രാമിലൂടെ എന്നെ പരിചയപ്പെടുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്താണെന്ന് അറിഞ്ഞതുകൊണ്ടാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്.
ചൂരൽമല ഫണ്ടിങ്ങിന്റെ കൂപ്പൺ ചലഞ്ചിനെക്കുറിച്ചാണ് അയാൾ ആദ്യം സംസാരിക്കുന്നത്. കൂപ്പൺ എടുക്കണം എന്ന് പറഞ്ഞു. എന്ത് സംസാരിച്ചാലും രാഹുലിനെക്കുറിച്ച് പറഞ്ഞാണ് ഫെനി അവസാനിപ്പിക്കുന്നത്. അതുകൊണ്ട് രാഹുൽ കാര്യങ്ങളെല്ലാം ഫെനിയോട് പറഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. അതുകൂടി അറിയാൻ ഞാൻ ഫെനിയോട് സംസാരിച്ചു. സംസാരിച്ച് വളരെ അടുത്ത സുഹൃത്തുക്കളായി. എന്റെ അനിയത്തിയുടെ പ്രായമുണ്ട് ഫെനിക്ക്.
ആ സമയത്ത് ശാരീരികമായി ബ്ലീഡിങ്ങും തളർച്ചയും മാനസികമായി ഡിപ്രഷനും ആങ്സൈറ്റിയും കാരണം എന്റെ അവസ്ഥ മോശമായിരുന്നു. ജോലിക്കുപോകാൻ കഴിയാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. എല്ലാരീതിയിലും ഒറ്റപ്പെട്ട്, ഇനി എന്ത് എന്ന് മനസ്സിലാകാത്ത അവസ്ഥ. കുഞ്ഞിനെ നഷ്ടപ്പെട്ടതായിരുന്നു എന്റെ ഏറ്റവും വലിയ വിഷമം. കുഞ്ഞായിരുന്നു എന്റെ പ്രയോറിറ്റി. അതുകൊണ്ട് സൂയിസൈഡ് ടെൻഡൻസിവരെ എനിക്കുണ്ടായിരുന്നു. ഈ കാര്യങ്ങൾ ആരോടെങ്കിലും പറയണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഫെനി സംസാരിക്കുന്നത്.
രാഹുൽ എന്റെ ഗർഭം നിഷേധിച്ചതും എന്നെ ബ്ലോക്ക് ചെയ്തതും എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. രാഹുലുമായി എനിക്ക് അതിഭീകരമായ ട്രോമ ബോണ്ട് ഉണ്ടായിരുന്നു. ഫെനിയുമായി സംസാരിച്ചപ്പോൾ ഫെനി എന്നെ ആശ്വസിപ്പിച്ചു. പോട്ടെ സാരമില്ല, ഇതാരോടും പറയരുത് എന്ന് ഫെനി എന്നോട് പറഞ്ഞു. എന്റെ ആ അവസ്ഥയിൽ രാഹുലിന് വേറെ ബന്ധങ്ങളുണ്ടോ എന്ന് ചോദിച്ചു. നിന്നെ ഒരു അനിയനെ പോലെയാണ് കാണുന്നത്, നീ സത്യം പറയണം. നീ ചേച്ചിയെ പോലെ കാണണം. രാഹുലിന് വേറെ വിവാഹാലോചന വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഫെനിയാണ് എനിക്ക് ഉറപ്പുകൾ നൽകിയിരുന്നത്. ബാക്കിയുള്ളവർ ഫാൻസ് മാത്രമാണെന്നും ശല്യമാണെന്നുമാണ് അയാൾ പറഞ്ഞിരുന്നത്. എല്ലാരേയും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഫെനി പറഞ്ഞു.
രാഹുലിന് കോടികളുടെ ബാധ്യതയുണ്ടെന്നും ഭക്ഷണത്തിന് പോലും പണമില്ലെന്നും ഫെനി എന്നെ വിശ്വസിപ്പിച്ചു. പാർട്ടി പ്രവർത്തകരുടെ ആശുപത്രി ചെലവ്, കല്യാണങ്ങൾ, മരണങ്ങൾ ഇതിനെല്ലാം വേണ്ടി കൈയിൽനിന്നാണ് പണമെടുത്തതെന്നും ഇതാണ് ബാധ്യതയ്ക്ക് കാരണമെന്നും എന്നെ വിശ്വസിപ്പിച്ചു.
പാലക്കാട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു സമരം ഉണ്ടായിരുന്നു. രാഹുലേട്ടൻ പൈസ ഇല്ലാതെ നട്ടം തിരിയുകയാണ്. തിരുവനന്തപുരം വന്നതാണ്. ഭക്ഷണം കഴിക്കാൻ പോലും പൈസ ഇല്ല. ആരെങ്കിലും വാങ്ങിത്തരാൻ വേണ്ടി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു. എന്റെ കുഞ്ഞിന്റെ അച്ഛനാണല്ലോ എന്ന അവസ്ഥയിലാണ് ഞാൻ. ആ സങ്കടത്തിൽ ഞാൻ രാഹുലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകി. അത് കിട്ടിയെന്ന് ഉറപ്പുവരുത്തിയത് ഫെനിയാണ്. തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ എന്നെ വീണ്ടും ഇമോഷണലി മാനിപ്പുലേറ്റ് ചെയ്യുകയും ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. അവരുടെ സാഹചര്യം അനുസരിച്ച് അവരെ ചൂഷണം ചെയ്യാനും മാനിപ്പുലേറ്റ് ചെയ്യാനും ഒത്തിരി കഴിവുള്ള ആളാണ് രാഹുൽ.
എനിക്ക് ഒരു ഭാവി വാഗ്ദാനം ചെയ്ത്, നമുക്ക് ഒന്നിച്ച് ജീവിക്കണം, ഫ്ലാറ്റ് വാങ്ങണം എന്നൊക്കെ പറഞ്ഞ് വീണ്ടും രാഹുലിലേക്ക് എത്തിച്ചു. എല്ലാ കാര്യങ്ങളും ഫെനിയോട് പറഞ്ഞിട്ടുണ്ട്. 2024 ജൂലൈ തൊട്ട് 2025 നവംബർ വരെ വളരെ ചുരുക്കം ചിലനേരങ്ങളിൽ മാത്രമേ ഫെനിയോട് സംസാരിക്കാതിരുന്നിട്ടുള്ളൂ. അത്ര ദിവസങ്ങളിൽ സ്ഥിരമായി സംസാരിച്ചിരുന്നു.
പിന്നീട് ഫെനിയോട് ഞാൻ കാര്യങ്ങൾ പറയുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ രാഹുൽ എന്നെ ഒത്തിരി തെറിപറയുകയും വീണ്ടും ഗർഭം നിഷേധിക്കുകയും ചെയ്തു. വീണ്ടും വീണ്ടും പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. ഇതേ കാര്യം ഫെനിയോടും പറഞ്ഞു. നിന്റടുത്ത് കാര്യങ്ങളെല്ലാം പറഞ്ഞത് രാഹുലിനോട് പറഞ്ഞുവെന്ന് ഫെനിയോട് പറഞ്ഞു. അപ്പോൾ ഫെനി എന്നോട് പറഞ്ഞത്, പറയണ്ടായിരുന്നു എന്നാണ്. മറ്റൊരാൾ അറിഞ്ഞു എന്നറിയുമ്പോഴുണ്ടാകുന്ന പ്രതികരണം ആണ് എന്ന് ഫെനി പറഞ്ഞു.
2025 ഓഗസ്റ്റിൽ ചാനലുകളിലൂടെയാണ് എന്നേപ്പോലെ വേറെയും സ്ത്രീകൾ ഉണ്ടെന്നും എന്റെ കുഞ്ഞിനെപ്പോലെ വേറെയും കുഞ്ഞുങ്ങളുണ്ടെന്നും അറിയുന്നത്. അന്ന് വളരെ ഞെട്ടലിലായിരുന്നു. അതുവരെ എന്റെ വിചാരം രാഹുൽ മാങ്കൂട്ടത്തിലിന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ഒരേ ഒരു സ്ത്രീ ഞാൻ മാത്രമായിരുന്നു എന്നായിരുന്നു. അതിന്റെ ഒരു കാരണം ഫെനി നൈനാണ് ആണ്. ഫെനിയുടെ ഉറപ്പായിരുന്നു. മാനസികമായി തളർന്നു. ഞാൻ രാഹുലിനെ ചോദ്യം ചെയ്തു. ഇതൊക്കെ രാഷ്ട്രീയമാണ്, പെയ്ഡ് ആണ് എന്ന് രാഹുൽ പറഞ്ഞു. ആദ്യത്തെ കുട്ടിയുടെ കാര്യം ചോദിച്ചപ്പോൾ അങ്ങനെ ഒരാൾ ഇല്ല എന്ന് പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ കാര്യം ചോദിച്ചപ്പോൾ വ്യാജമെന്ന് പറഞ്ഞു. ട്രാൻസ്ജെൻഡർ വിഷയം ചോദിച്ചപ്പോൾ അത് പെയ്ഡ് എന്ന് പറഞ്ഞു. എന്നെ എല്ലാരുംകൂടെ വീഴ്ത്താൻ നോക്കുകയാണ് എന്ന് പറഞ്ഞു. അപ്പോൾ ഞാൻ രാഹുലിനോട് പറഞ്ഞു, എന്തായാലും ശബ്ദം നിന്റേതാണ് എന്ന് ഉറപ്പുണ്ട് എന്ന് പറഞ്ഞപ്പോഴാണ് രാഹുൽ പറഞ്ഞത്, അങ്ങനെ ഒരു പെൺകുട്ടി ഉണ്ട്, എന്നാൽ ഗർഭം ഇല്ല എന്ന്.
എല്ലാം എന്നെ ബോധ്യപ്പെടുത്തി തരാമെന്നും നേരിട്ട് വരാനും ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയണം. എന്നെ എന്തിനാണ് ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് എന്ന് എനിക്കറിയണമായിരുന്നു. രാഹുൽ ഒരിക്കലും ഒരു വ്യക്തതയും തന്നിരുന്നില്ല. എനിക്ക് ക്ലോഷർ വേണമായിരുന്നു. ഞാൻ ചോദ്യം ചെയ്യുമ്പോൾ രാഹുൽ തകർന്നിരിക്കുകയാണെന്നും ശല്യം ചെയ്യരുതെന്നും പറഞ്ഞ് ഫെനി എന്നെ വിളിക്കുമായിരുന്നു. ഇതിന്റെ കൂടെ ഞാനും ഇങ്ങനെ ചെയ്യല്ലേ എന്ന് ഫെനി പറഞ്ഞു. എന്റെ കുഞ്ഞിനെ പോലെ വേറെ കുഞ്ഞ് ഉണ്ടെങ്കിൽ അത് ഞാൻ ക്ഷമിക്കില്ലെന്ന് ഫെനിയോട് പറഞ്ഞു. അപ്പോൾ ഫെനി എന്നോട് പറഞ്ഞു, ഈ വിഷയങ്ങൾ ഒന്ന് കഴിയട്ടെ, ഇതെല്ലാം കഴിയുമ്പോൾ ഞാൻ പറയുന്നുണ്ട് എന്ന്. ഫെനിയോട് ഞാൻ വീണ്ടും വീണ്ടും ചോദിച്ചു, എന്റെ കുഞ്ഞിനെ പോലെ കുഞ്ഞുങ്ങളുണ്ടോ എന്ന്. എല്ലാം വ്യാജമെന്നായിരുന്നു ഫെനി പറഞ്ഞത്. തെളിവ് തരാമെന്നും ഫെനി പറഞ്ഞു.
നേരിട്ട് വരുമ്പോൾ എല്ലാം ബോധ്യപ്പെടുത്തിത്തരാം എന്ന് രാഹുൽ പറഞ്ഞതനുസരിച്ചാണ് ഞാൻ നാട്ടിലേക്ക് വരുന്നത്. ഇതേസമയത്ത് രാഹുൽതന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഫെനിക്ക് അറിയാം. നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട് എന്നാണ് ഫെനി എന്നോട് ഏറ്റവും കൂടുതൽ ചോദിച്ചിട്ടുള്ള കാര്യം. അവനറിയാം ഇതിന്റെ കാരണം രാഹുലാണെന്ന്. ഇതൊക്കെ അറിയാവുന്ന ഫെനിയാണ് ഈ പോസ്റ്റ് ഇട്ടത്. കൂട്ടുകാരനെ രക്ഷിക്കാൻ.
രാഹുൽ പറഞ്ഞതനുസരിച്ച് നാട്ടിൽ വന്നു. വ്യക്തത തരാമെന്ന് പറഞ്ഞു. അടൂരിൽ വരാമെന്ന് പറഞ്ഞപ്പോൾ അമ്മയും ചേച്ചിയും തളർന്നിരിക്കുകയാണെന്നും പാലക്കാട് വെച്ച് കാണാമെന്നും രാഹുൽ പറഞ്ഞു. പാലക്കാട് വെച്ച് കാണാമെന്ന് പറഞ്ഞു. എന്നെ മാനിപ്പുലേറ്റ് ചെയ്യാൻ പറ്റാവുന്നത്ര മാനിപ്പുലേറ്റ് ചെയ്തു. രാഹുലിന്റെ റീ എൻട്രി ഉണ്ടായ സമയത്ത് രാഹുലിനെ കാണണമെന്ന് പറഞ്ഞു. വീണ്ടും അഹങ്കാരമായിരുന്നു.
വീണ്ടും അടൂര് വരാമെന്ന് പറയുമ്പോൾ, ഞാനിപ്പോ മരിക്കും, ജീവിച്ചിരിക്കില്ല, സിട്രിസനും പാരസെറ്റാമോളും കഴിച്ചാണ് ജീവിക്കുന്നത്, എന്നെ എല്ലാവരും വീഴ്ത്തി, വളഞ്ഞിട്ട് ആക്രമിക്കുകയാണ്, ബെഡിൽനിന്ന് എണീക്കാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. ഞാൻ പുറത്തു പറയാതിരിക്കാൻ വേണ്ടിയിട്ടാകും. അല്ലെങ്കിൽ മാനിപ്പുലേറ്റ് ചെയ്തതാകാം. രാഹുലിനെ കാണാൻ ഫെനി വഴി വരണമെന്ന് അയാൾ വാശി പിടിച്ചു. ഫെനിയുടെ ആവശ്യം ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇത് എന്തിനാണ് ഇത്രയും കാലം നീട്ടിക്കൊണ്ടുപോയതെന്നും എന്നെപ്പോലെ വേറെ സ്ത്രീകളുണ്ടോ എന്നും എനിക്ക് അറിയണമായിരുന്നു. എന്നെ എന്തിനാണ് ഇത്രയും നാൾ ഇതിനകത്ത് കൊണ്ടിട്ട് ഇങ്ങനെ കൊല്ലാക്കൊല ചെയ്തത്. കൃത്യമായി വ്യക്തത കിട്ടിയില്ലെങ്കിൽ ഞാൻ ഉറപ്പായും പ്രതികരിക്കും, നടന്ന കാര്യങ്ങൾ എല്ലാം തുറന്നു പറയും എന്നതിന്റെ ബാക്കി ഭാഗമാണ് എല്ലാവരും കേട്ടത്.
രാഹുൽ നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ ഫെനിയെ കോണ്ടാക്ട് ചെയ്തത്. ഫെനി വഴി എന്നെ കണ്ടാൽ മതി എന്ന് വാശിപിടിച്ചത് രാഹുലാണ്. ഈ കാര്യം സംസാരിക്കാൻ ഫെനിയോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. നിനക്കെന്നെ കാണണമെങ്കിൽ ഫെനിയുമായി സംസാരിക്കുക. ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞു. രാഹുലിന്റെ സ്ഥിരമായി ഒരു രീതിയുണ്ട്, ഒന്നുകിൽ ബ്ലോക്ക് ചെയ്യും അല്ലെങ്കിൽ സംസാരിക്കില്ല. അതാണ് അയാളുടെ രീതി. രാഹുൽ പറഞ്ഞത് അനുസരിച്ചാണ് ഫെനിയോട് ബന്ധപ്പെടുന്നത്. ഈ അവസ്ഥയിൽ നിൽക്കുന്ന എന്നെയാണ് ഇവർ രണ്ടുപേരും ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഞാൻ ചോദിക്കുന്നതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല. എങ്ങോട്ടാണ് വരേണ്ടത്, ഏത് തീയതിയാണ് വരേണ്ടത് എന്ന് ചോദിക്കുമ്പോൾ ഇവർ ഒഴിഞ്ഞു മാറുകയാണ് എന്ന് എനിക്ക് മനസ്സിലായി. ഫെനി എന്നോട് പറഞ്ഞു, രാഹുലേട്ടൻ പറഞ്ഞു ഓഫീസിൽ വെച്ച് കാണാമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ഓഫീസ് പറ്റില്ല. പുറത്തുനിന്ന് ഒരുപാട് ആൾക്ക് എത്തിപ്പെടാൻ പറ്റുന്ന ഇടമാണ്. മീഡിയ ഉണ്ട്. പ്രതിഷേധക്കാരുണ്ട്. ഒരുപാട് ആൾക്കാർ വന്നു പോകുന്ന ഇടമാണെന്ന് ഞാൻ പറഞ്ഞു. അവിടെ പോകണം, ഇവിടെ പോകണം എന്നൊക്കെ പറഞ്ഞ് ഇറങ്ങി ഓടുന്ന സ്വഭാവം രാഹുലിനുണ്ട്. ചാറ്റ് വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും, ഇറങ്ങി ഓടാൻ പറ്റില്ല, എനിക്ക് ഇത്രയും സമയം വേണം. സേഫ് ആയിട്ട് സ്ഥലം വേണമെന്ന് ഞാൻ പറയുന്നുണ്ട്.
ഞാൻ ഒറ്റയ്ക്കല്ല വരുന്നത് എന്ന് രാഹുലിനോടും ഫെനിയോടും പറഞ്ഞിരുന്നു. എന്റെ ഭാഗത്തുനിന്ന് ആരെയെങ്കിലും കൊണ്ടുവരാം. രാഹുലിന്റെ ഭാഗത്തുനിന്ന് അമ്മയേയോ ചേച്ചിയേയോ അല്ലെങ്കിൽ കൂട്ടുകാരോ ഫെനിയെങ്കിൽ ഫെനിയോ കൊണ്ടുവാ. ഫെനിയോടും രാഹുലിനോടും പറഞ്ഞു. എന്റെ കൂടെ സുഹൃത്ത് ഉണ്ടാകുമെന്നും ഫെനി രാഹുലിന്റെ കൂടെ ഉണ്ടാകണമെന്നും അത് കുറച്ചു കൂടി കംഫർട്ട് ആയിരിക്കുമെന്നും ഞാൻ ഫെനിയോട് പറഞ്ഞു.
തലയും വാലുമില്ലാത്ത കുറച്ചു ചാറ്റുക ൾ പുറത്തുവിട്ട് എന്നെ പീഡിപ്പിച്ച ആളെ വീണ്ടും എനിക്ക് മൂന്ന് നാല് മണിക്കൂർ കാണണം എന്ന് പറയുമ്പം എന്നെ സ്ലട്ട് ഷെയിം ചെയ്യണം എന്ന ഉദ്ദേശമാണ് പിന്നിൽ. ഫെനി പുറത്തുവിട്ട ചാറ്റുകളിൽ മൂന്നാല് മണിക്കൂർ കാണണമെന്ന് പറയുന്നത് ഒരു 'ക്ലോഷർ' ലഭിക്കാനാണ്. ഓഫീസ് പറ്റില്ല, സുരക്ഷിതമായിടം എന്നാണ് പറയുന്നത്. അതിനുള്ള കാരണവും ഞാൻ പറഞ്ഞിട്ടുണ്ട്. രാത്രി ആയാലും പകലായാലും കുഴപ്പമില്ല. കാരണം എന്റെ കൂടെ ആളുകളുണ്ട്. അവിടന്ന് ആൾക്കാർ വേണമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾ പറയുന്നത് പോലെ മൂന്ന് നാല് മണിക്കൂറിൽ വീണ്ടും രാഹുലിനോട് ഫിസിക്കൽ കോൺടാക്ട് ഉണ്ടാക്കാനല്ല.
പിന്നീട് ഇവർ ഒഴിഞ്ഞു മാറിയപ്പോൾ എനിക്ക് മനസ്സിലായി ഒഴിവാക്കുകയാണെന്ന്. ഞാൻ പറഞ്ഞിട്ട് ചെന്നാൽ രാഹുൽ മുങ്ങുമെന്നുള്ളതുകൊണ്ടാണ് പറയാതെ പാലക്കാട് ചെല്ലുന്നത്. അപ്പോൾ രാഹുൽ ചെയ്തത്, സ്റ്റാഫിനെ കൊണ്ട് മാറി മാറി സംസാരിപ്പിക്കുകയായിരുന്നു. രാഹുൽ കോൾ എടുത്തില്ല. രാഹുലേട്ടന് സംസാരിക്കാൻ പറ്റുന്നില്ല. ഇവിടത്തെ അവസ്ഥ ഇങ്ങനെയാണ്. അയാൾ ഓരോയിടങ്ങളിലാണെന്ന് പറഞ്ഞു. രാവിലെത്തൊട്ട് രാത്രിവരെ എന്നെ ഇട്ട് കറക്കി. അവിടെ വരും ഇവിടെ വരും എന്ന് പറയുമ്പോൾ ഞാൻ അവര് പറയുന്നിടത്ത് പോകും. രാത്രിവരെ കാണാൻ പറ്റിയില്ല. വ്യക്തത തരാൻ രാഹുലിന് ഉദ്ദേശമില്ല. എന്നെ വീണ്ടും വട്ടം കറക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വ്യക്തത കിട്ടിയില്ലെങ്കിൽ എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്ന് പറഞ്ഞു. രാഹുലെന്നെ വീണ്ടും ഭീഷണിപ്പെടുത്തി. രാഹുൽ ഒരു നാർസിസിസ്റ്റ് ആണെന്നും നമ്മളെ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്യുകയാണെന്നും വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്.
തലയും വാലുമില്ലാതെയാണ് ഫെനി ചാറ്റുകൾ പുറത്തുവിട്ടത്. ഒത്തിരി ആലോചിച്ചാണ് മുന്നോട്ടുവന്നത്. വിവാഹിതയായ സ്ത്രീ ആയതുകൊണ്ട് ഇതല്ല ഇതിനപ്പുറം കേൾക്കും എന്ന് ഉറപ്പുണ്ടായിരുന്നു. ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് ഒത്തിരി സ്നേഹത്തോടെ ഫെനിയെ അറിയിക്കുന്നു.


