മുംബൈ: കഴിഞ്ഞ എട്ടുവർഷമായി തനിക്ക് ബോളിവുഡിൽ നിരന്തരം അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്ന് ഓസ്‌കർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ. ബോളിവുഡിലെ അധികാരഘടനയിൽ മാറ്റമുണ്ടായി. അധികാരത്തിലുള്ളവർ സർഗാത്മകതയില്ലാത്തവരാണ്. ചിലപ്പോൾ അതിന് പിന്നിൽ വർഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്‌മാൻ പറഞ്ഞു. ബിബിസി ഏഷ്യാൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്‌മാന്റെ വെളിപ്പെടുത്തൽ.
‘കഴിഞ്ഞ എട്ടുവർഷമായി, അധികാരഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്, സർഗാത്മകതയില്ലാത്തവരുടെ കൈയിലാണ് അധികാരം. അതിന് വർഗീയ മാനവുമുണ്ടാകാം. അവർ നിങ്ങളെ തീരുമാനിച്ചു, പക്ഷേ മ്യൂസിക് കമ്പനികൾ അവരുടെ അഞ്ച് സംഗീതസംവിധായകരെ ഉൾപ്പെടുത്തി എന്നൊക്കെ അഭ്യൂഹങ്ങളായി എന്റെ കാതിൽ എത്താറുണ്ട്’- റഹ്‌മാൻ പറഞ്ഞു.
‘പക്ഷേ, ഞാൻ സന്തോഷവാനാണ്, എനിക്ക് കുടുംബത്തോടൊപ്പം ചെലവിടാൻ കൂടുതൽ സമയം ലഭിക്കും. ഞാൻ ഇപ്പോൾ ജോലി തിരഞ്ഞുനടക്കുകയല്ല, എനിക്ക് ജോലി തിരഞ്ഞുപോകേണ്ടതില്ല. ജോലി എന്നെ തേടി വരണം. ഞാൻ അർഹിക്കുന്നതെന്തോ എനിക്ക് ലഭിക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു.


