KeralaNews

‘പിസി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകളുണ്ട്’; പരാതി ഒരുപാട് ആലോചിച്ച ശേഷമെന്ന് പരാതിക്കാരി

തിരുവനന്തപുരം: പീഡനക്കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി. തെളിവുകളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട്. ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും മറ്റും തെളിവുകളുമാണ് കൈമാറിയത്. പിസി ജോര്‍ജ് പീഡിപ്പിച്ചത് അന്വേഷണസംഘത്തോട് അങ്ങോട്ട് പറയുകയായിരുന്നു. 2014 മുതല്‍ പി.സി ജോര്‍ജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിയുടെ വാക്കുകള്‍: ”ഞാന്‍ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. അദ്ദേഹം ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായി അറിയാം. ഗസ്റ്റ് ഹൗസില്‍ വരൂ അവിടെ ഇവിടെ വരൂ തുടങ്ങിയ എല്ലാ ഫോണ്‍ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. പിസി ജോര്‍ജ് എന്റെ ശത്രു വായിരുന്നില്ല. എന്റെ കൈയിലുള്ളത് ഫോണ്‍കോള്‍ റെക്കോര്‍ഡുകളാണ്. നീ ഇവിടെ വാ അവിടെ വാ എന്ന് പറയുന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡുകളാണ്.

അതുപോലെ ഉഷാ മാഡം ഇന്ന് പറഞ്ഞു, സരിത ഇവിടെ വരാറുണ്ടെന്നും സ്വപ്‌ന ഇവിടെ വരാറുണ്ടെന്നും. സരിതയെയും സ്വപ്‌നയെയും പോലെയുള്ളവരെ എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന വീടാണ് അതെന്ന് അവര്‍ സമ്മതിച്ചല്ലോ.” ”ശാരീരികമായി ആക്രമിച്ചത് കൊണ്ടാണ് പരാതി നല്‍കിയതും രഹസ്യമൊഴി നല്‍കിയതും. ഇത് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. ഒരുപാട് ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്.

പരാതി നല്‍കാന്‍ ക്ഷമ കാണിച്ചത് ഇവരൊക്കെ എന്താണ് എന്നെ കൊണ്ട് ഉദേശിക്കുന്നതെന്ന് മനസിലാക്കാന്‍ വേണ്ടിയായിരുന്നു. സരിത സ്വപ്‌നയ്ക്ക് വേണ്ടി സംസാരിക്കെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. ബാക്കി പാര്‍ട്ടി ഏറ്റെടുത്തോളും എന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ ഉടന്‍ സംസാരിക്കാന്‍ മാത്രം മണ്ടി അല്ല ഞാന്‍. മണ്ടത്തരം കാണിച്ച് കാണിച്ചാണ് 33 കേസുകളില്‍ ഞാന്‍ പ്രതിയായത്.”

സോളര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് പീഡനക്കേസില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ സാക്ഷി കൂടിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിന് ശേഷം പിസി ജോര്‍ജ് നടത്തിയ പ്രതികരണം: ”ഈ ഒരു കാര്യം കൊണ്ടെന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് മറുപടി നല്‍കി കൊണ്ടിരിക്കെ 11 മണിക്കാണ് ഈ കേസെടുത്തത്. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ഞാന്‍ ഒളിക്കാന്‍ ഉദേശിക്കുന്നില്ല. റിമാന്‍ഡ് ചെയ്താലും സന്തോഷം. ശേഷം വസ്തുത ഞാന്‍ തെളിയിക്കും.

ഞാന്‍ ഒരു സ്ത്രീയെയും പീഡിപ്പിക്കില്ല. ഞാന്‍ പൊതുപ്രവര്‍ത്തകനാണ്. അടുത്തവരുന്ന എല്ലാ പെണ്‍കുട്ടികളെയും മോളേ, ചക്കരേ, സ്വന്തമേ എന്ന് അല്ലാതെ വിളിക്കാറില്ല. ആ സ്‌നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കെതിരെ പിണറായി വിജയന്റെ കാശും വാങ്ങി കാണിക്കുന്ന മര്യാദകേടിന് ദൈവം ക്ഷമിക്കട്ടേ.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button