ന്യൂഡല്‍ഹി: താല്‍പര്യമുള്ള ഏതു സ്ത്രീക്കും വാടകഗര്‍ഭം ധരിക്കാമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിധവയോ വിവാഹ മോചിതയോ ഉള്‍പ്പെടെ 35നും 45നും മധ്യേ പ്രായമുള്ള സ്ത്രീകളെയും വാടകഗര്‍ഭം ധരിക്കുന്നതിന് അനുവദിക്കാമെന്നാണ് സമിതിയുടെ ശുപാര്‍ശ.
രാജ്യസഭയുടെ 23 അംഗ സിലക്ട് കമ്മിറ്റി വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ 2019ല്‍ 15 പ്രധാന മാറ്റങ്ങളാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്. അഞ്ചു വര്‍ഷം ബന്ധം പുലര്‍ത്തിയിട്ടും ഗര്‍ഭം ധരിക്കാത്തതു വന്ധ്യതയായി നിര്‍വചിക്കുന്ന വ്യവസ്ഥ സമിതി ഒഴിവാക്കി. കുഞ്ഞിനായുള്ള കാത്തിരിപ്പിന് അഞ്ച് വര്‍ഷം എന്നതു നീണ്ട കാലയളവായതിനാലും വാടക ഗര്‍ഭധാരണ നടപടികള്‍ വൈകാന്‍ കാരണമാകും എന്നതിനാലുമാണിത്.
പുതിയ ശുപാര്‍ശപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഏതു സമയത്തും ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഇതിന് ബന്ധുവാകണം എന്നില്ല. വാടകഗര്‍ഭം ധരിക്കുന്ന സ്ത്രീകളുടെ ഇന്‍ഷുറന്‍സ് കാലാവധി 16 മാസം എന്നത് 36 മാസമായി ഉയര്‍ത്തി. സമിതി ചെയര്‍മാന്‍ ഭൂപേന്ദര്‍ യാദവ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.