24.6 C
Kottayam
Friday, March 29, 2024

ശബരിമലയിലെ നാണയങ്ങള്‍ എണ്ണിത്തുടങ്ങി, വരുമാനം 275 കോടി കടക്കും

Must read

ശബരിമല: സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിലെ നാണയങ്ങള്‍ എണ്ണിത്തുടങ്ങി. 150 ജീവനക്കാരാണ് നാണയം എണ്ണുന്നതിനായി തയ്യാറായിട്ടുള്ളത്. ഭണ്ഡാരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ വഴി ദേവസ്വം വിജിലന്‍സ് വിഭാഗം ഇവരെ നിരീക്ഷിക്കുന്നുണ്ട്. മൊത്തം 250 ജീവനക്കാരെയാണ് നാണയം എണ്ണാനായി നിയോഗിച്ചത്. അതില്‍ 100 പേര്‍ ഇനിയും എത്തിയിട്ടില്ല.

ഭണ്ഡാരത്തിലെ മൂന്ന് ഭാഗത്തായാണ് മണ്ഡലമകരവിളക്ക് കാലത്ത് കാണിക്കയായി തീര്‍ഥാടകര്‍ സമര്‍പ്പിക്കുന്ന നാണയങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. നാണയത്തിന്റെ വലിയ ശേഖരം ഉള്ളതിനാല്‍ കുംഭ മാസ പൂജ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 18ന് മുമ്പ് മുഴുവനും എണ്ണി തീര്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നത്.

ആകെ 263.46 കോടി രൂപയാണ് ഇത്തവണത്തെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 95.35 കോടി രൂപ കൂടുതലാണ് ഇത്തവണ. നാണയങ്ങള്‍ എണ്ണി തീരുമ്പോള്‍ ആകെ വരുമാനം 275 കോടി എങ്കിലും കടക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

ദേവസ്വം എക്‌സിക്യുട്ടിവ് ഓഫിസര്‍ വി.എസ്.രാജേന്ദ്രപ്രസാദ്, പത്തനംതിട്ട ദേവസ്വം ഡപ്യൂട്ടി കമ്മിഷണറും ഭണ്ഡാരം സ്‌പെഷല്‍ ഓഫിസറുമായ കൃഷ്ണകുമാര്‍ വാരിയര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാണയം എണ്ണുന്നത്.

ഹൈക്കോടതിയുടെ അനുമതിയോടെയാണ് ദേവസ്വം ഭണ്ഡാരം തുറന്നത്. ജീവനക്കാര്‍ക്ക് ചികിത്സാ സൗകര്യത്തിനായി സന്നിധാനത്തെ ആശുപത്രി തുറക്കണമെന്നും കെഎസ്ആര്‍ടിസി ബസ് സൗകര്യം ക്രമീകരിക്കണമെന്നും പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week