‘എനിക്കറിയാം എന്തുചെയ്യണമെന്ന്’ ഗില്ലിനെ ഒഴിവാക്കിയതിന് പിന്നാലെ സ്വന്തം ഫോമിനെ കുറിച്ച് സൂര്യ

മുംബൈ: ഉപനായകനായി തിരഞ്ഞെടുത്തിട്ടും ബാറ്ററെന്ന നിലയിൽ ദയനീയ പ്രകടനം കാഴ്ചവെച്ചതാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഗില്ലിന് പുറത്തേക്കുള്ള വഴിതുറന്നത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിലും ഓപ്പണറായി ഇറങ്ങിയ ഗിൽ നിരാശപ്പെടുത്തി. അതേസമയം നായകൻ സൂര്യകുമാർ യാദവും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. റൺസ് കണ്ടെത്താൻ വിഷമിക്കുന്ന സൂര്യയെ കഴിഞ്ഞ മത്സരങ്ങളിൽ കാണാനായി. ടീം തിരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ.

എന്തുചെയ്യണമെന്ന് എനിക്കറിയാം, ഞാൻ അത് ചെയ്യും. സൂര്യയെന്ന ബാറ്ററെ നിങ്ങൾ കാണും. എല്ലാവരും ഇത്തരം ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റേത് കുറച്ചുകൂടി നീണ്ടുപോയെന്ന് മാത്രം.”- ശനിയാഴ്ച ടീം പ്രഖ്യാപനത്തിന് ശേഷം സൂര്യ പറഞ്ഞു.

അതേസമയം ഗില്ലിന്റെ കാര്യത്തിൽ ഫോമായിരുന്നില്ല പരിഗണനാവിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗില്ലിന്റെ ഫോം സംബന്ധിച്ചായിരുന്നില്ല ഇത്. മുൻനിര ബാറ്ററായ ഒരു വിക്കറ്റ് കീപ്പറെ വേണമായിരുന്നു. അതുകൊണ്ടാണ് ടോപ് ഓർഡറിൽ ഒരു അധിക വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തിയത്. – സൂര്യ വ്യക്തമാക്കി.

ഇന്ത്യക്കായി ടി20 യിൽ ഈ കലണ്ടർ വർഷം ഒരു അർധസെഞ്ചുറി പോലും സൂര്യകുമാർ യാദവിന്റെ പേരിലില്ല. പാകിസ്താനെതിരേ ഏഷ്യാകപ്പിൽ പുറത്താകാതെനേടിയ 47 റൺസാണ് ഉയർന്ന സ്‌കോർ. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിലും മോശം പ്രകടനമായിരുന്നു ഇന്ത്യൻ നായകന്റേത്. 12,5,12,5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം. സൂര്യകുമാറിന്റെ മോശം ഫോം വലിയവിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്യാപ്റ്റനെന്നനിലയിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതുകൊണ്ടുമാത്രമാണ് ഇത്രയുംനാൾ ടീമിലെ സ്ഥാനം സംരക്ഷിക്കാൻ സാധിച്ചത്.

ഗിൽ ഒരു മികച്ച കളിക്കാരനാണെന്നും എന്നാൽ നിലവിൽ റൺസ് നേടുന്നതിൽ അല്പം പിന്നിലാണെന്നുമാണ് ഗില്ലിനെ ഒഴിവാക്കിയതുസബന്ധിച്ച് അഗാർക്കർ പറഞ്ഞത്. ‘കഴിഞ്ഞ ലോകകപ്പിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. കാരണം ഞങ്ങൾ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ആരെങ്കിലും പുറത്തുപോകേണ്ടി വരും, നിർഭാഗ്യവശാൽ നിലവിൽ അത് ഗില്ലാണ്’ അഗാർക്കർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News