പാലക്കാട്: ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. യൂത്ത് കോണ്‍ഗ്രസാണെന്ന കരുതി അവരെ മാറ്റി നിര്‍ത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തികൊണ്ട് പാലക്കാട് നടന്ന പരിപാടിക്കിടെ സുരേഷ് ഗോപിയുടെ പ്രതികരണം.
പ്രതിപക്ഷം ഏതുപാര്‍ട്ടിയായാലും അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതിപക്ഷത്തുള്ളത് ഏതു പാര്‍ട്ടിയായാലും അവരെ ജനങ്ങള്‍ പിന്തുണക്കണം. നിങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ അടിയുണ്ടാക്കിയതും വാഹനത്തിന്‍റെ മുന്നില്‍ ചാടിയതും തല്ലുകൊണ്ടതും. ജനങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ തല്ലുകൊണ്ട് ആശുപത്രികളില്‍ കിടക്കുന്നത്.
യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് അവരോട് ദൂരം പാലിക്കണമെന്ന് ആരും പറയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ ആ പറയുന്നവരോടായിരിക്കും താന്‍ ദൂരം കല്‍പ്പിക്കുകയെന്നും ജനകീയ സമരങ്ങള്‍ക്ക് ശക്തിപ്രാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.