എനിക്ക് അതിനുളള നട്ടെല്ലുറപ്പുണ്ട്, വീട്ടില്‍ നിന്നു ഒരു കോടി എടുത്തായാലും അക്കാര്യം ഞാന്‍ നിങ്ങള്‍ക്കായി ചെയ്യും; സോഷ്യല്‍ മീഡിയയില്‍ വൈറലായി സുരേഷ് ഗോപിയുടെ പ്രസംഗം

തൃശൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസംഗം. ശക്തന്‍ മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. വലിയ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമെന്നാണ് സുരേഷ് ഗോപി പറയുന്നത്.

‘എന്നെ ജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ആ ഫണ്ടില്‍ നിന്നും ഒരുകോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വില്‍ക്കുന്ന കടയില്‍ പോയിവരെ ഞാന്‍ പറഞ്ഞു. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുളള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം. ആര് മനസിലാക്കണം. നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസിലാക്കണം.

ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്. കൊവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും.

ഒരു സിപിഎം-സിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യും’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News